കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂര്‍ എം പി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂര്‍ എം പി. പാര്‍ട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ കുറിച്ച് താന്‍ നേതൃത്വത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ താന്‍ മത്സരിക്കാനില്ല. മറ്റുള്ളവര്‍ മുന്‍പോട്ട് വരട്ടെയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത് തരൂര്‍ കമ്മിറ്റിയിലേക്ക് വരുമോ എന്നതാണ്. അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് തരൂര്‍ ഇപ്പോള്‍. പരമാവധി തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. എന്നാല്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനിവാര്യമെന്ന നിലപാട് വ്യക്തമാക്കുകയാണ് തരൂര്‍.പ്രവര്‍ത്തക സമതിയിലേക്കില്ല. തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ആക്കാര്യത്തില്‍ താന്‍ അല്ല പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചത് പാര്‍ട്ടിയെ ബലപ്പെടുത്തിയെന്ന് സോണിയ ഗാന്ധി പറഞ്ഞു. പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു.തരൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തിലെ നേതാക്കള്‍ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉറപ്പ് നല്‍കിയിരുന്നില്ല. ആലോചന തുടങ്ങിയില്ലെന്നാണ് ഖര്‍ഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂര്‍ മുതല്‍ക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖര്‍ഗെ പറഞ്ഞിരുന്നു.അതേസമയം, തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണ ഏറുകയാണ്. തരൂരിനെ പിന്തുണച്ച് കെ മുരളീധരന്‍, എംകെ രാഘവന്‍, ബെന്നി ബഹന്നാന്‍ എന്നിവര്‍ ഖര്‍ഗയെ കണ്ടു. മുരളീധരന്റെ പിന്തുണ സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങള്‍ക്ക് സാധ്യത ഉണ്ട്. ഹൈബി ഈഡന്‍ എംപി, അനില്‍ ആന്റണി അടക്കമുള്ള യുവ നിരയും തരൂരിനായി കാര്‍ത്തി ചിദംബരവും സല്‍മാന്‍ സോസും കത്ത് നല്‍കും.അതേസമയം കേരള നേതൃത്വം ശശി തരൂരിനെ എതിര്‍ക്കാനാണ് സാധ്യത. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്ക് തരൂരിനെ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ തരൂരിനായി വാദിക്കാന്‍ അവരുണ്ടാകില്ല. പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂര്‍. പരിഗണിക്കുകയാണെങ്കില്‍ നോമിനേറ്റ് ചെയ്യണമെന്നതാണ് ആവശ്യം.