ലൈംഗികപീഡന പരാതി: മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ മുകേഷിനെതിരെ കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് മരട് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി. മുകേഷിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.മുകേഷിനു പുറമേ നടിയുടെ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജു, അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ക്കെതിരെയും കേസെടുത്തു. ഇടവെള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെയും കേസെടുത്തു.പീഡന ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ അറിയിച്ചു. കേസെടുത്തതോടെ സിപിഎം നിലപാടും നിര്‍ണായകമായി. മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. പീഡനപരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെയും, ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെയും കേസെടുത്തിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും, സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് അമ്മയുടെ ഭരണ സമിതിയും കഴിഞ്ഞ ദിവസം രാജിവച്ചു.നടനും എംഎല്‍എയുമായ മുകേഷ്, അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, മുന്‍ ഭാരവാഹികളായ ജയസൂര്യ, മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു, കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ നടി മിനു മുനീര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. നടന്‍ ബാബുരാജിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ സിനിമരംഗം വിട്ട മുന്‍ ജൂനിയര്‍ നടിയാണു ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടിമാരായ ഗീത വിജയനും ശ്രീദേവികയും സംവിധായകന്‍ തുളസീദാസിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. സംവിധായകന്‍ വി.കെ.പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്തായ യുവതിയാണ് എത്തിയത്.