ദുബായിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം

Spread the love

കൊച്ചി: ദുബായിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം. വീട്ടുകാരുമായി നിരവധി പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇയാൾ മരണപ്പെട്ടത്. ഇക്കാരണത്താൽ മൃതദേഹം ഏറ്റെടുക്കാൻ കഴിയില്ലെന്ന് കുടുംബം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയെങ്കിലും സ്വീകരിക്കാൻ സുഹൃത്തായ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. കുടുംബത്തിന്റെ സമ്മതപത്രം ഇല്ലാതെ സുഹൃത്തിനും മൃതദേഹം സംസ്കരിക്കാൻ കഴിയില്ല.ഏഴ് ദിവസം മുൻപാണ് ഇയാൾ ദുബായിൽ വെച്ച് മരണപ്പെട്ടത്. ആത്മഹത്യയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ ശ്രമം നടത്തിയപ്പോൾ തന്നെ തങ്ങൾ മൃതദേഹം ഏറ്റെടുക്കില്ലെന്നും, മരണസർട്ടിഫിക്കറ്റ് തന്നാൽ മതിയെന്നും കുടുംബം അറിയിച്ചിരുന്നു. അധികദിവസം മൃതദേഹം സൂക്ഷിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ അഷറഫ് താമരശ്ശേരി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.നാട്ടിൽ മൃതദേഹം എത്തിയിട്ടും വീട്ടിൽ നിന്നും ആരും വന്നില്ല. ഇയാളുടെ സുഹൃത്തായ സബിയ എന്ന യുവതിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം ഏറ്റുവാങ്ങാൻ സബിയയുടെ പേരായിരുന്നു വെച്ചിരുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് ഇയാൾ സബിയയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുമായി വിവാഹമോചന കേസുകൾ നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ വീണ്ടും ദുബായിലേക്ക് പോയത്. രക്തബന്ധമില്ലാത്തതിനാൽ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ സബിയയ്ക്ക് നിയമപരമായി അവകാശമില്ല. അതിനാൽ പോലീസ് അനുമതിക്കായി കാത്തുനിൽക്കുകയാണ് യുവതി.

Leave a Reply

Your email address will not be published. Required fields are marked *