ബാങ്ക് വായ്പത്തട്ടിപ്പ്, കര്‍ഷകന്റെ ആത്മഹത്യ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അബ്രഹാം റിമാന്‍ഡില്‍
സുല്‍ത്താന്‍ബത്തേരി: വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രഹാമിനെ കോടതി റിമാന്‍ഡ് ചെയ്തു.കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത സംഭവത്തില്‍ പുല്പള്ളി പോലീസ് അബ്രഹാമിന്റെ പേരില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.തട്ടിപ്പിനിരയായ കേളക്കവല പറമ്പക്കാട്ട് ഡാനിയേലിന്റെ പരാതിയില്‍ വഞ്ചനക്കുറ്റവും ചുമത്തി. ഈ രണ്ടു കേസുകളില്‍ അബ്രഹാമിനെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.കെ.കെ. അബ്രഹാം തട്ടിപ്പുകേസില്‍ റിമാന്‍ഡിലായതോടെ അദ്ദേഹത്തിനെതിരേ നടപടിവേണമെന്നും നേതൃത്വം പ്രതിയെ സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെട്ടു. ബാങ്കിന്റെ വായ്പത്തട്ടിപ്പിനിരയായ രാജേന്ദ്രന്‍ ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി. രമാദേവി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത കെ.കെ. അബ്രഹാമിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അബ്രഹാമിനെ കോഴിക്കോട്ടുനിന്ന് പുല്പള്ളിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ബത്തേരി കോടതിയില്‍ ഹാജരാക്കിയത്.ഇതിനിടെ അറസ്റ്റ് രേഖപ്പെടുത്തിയ ബാങ്കിന്റെ മുന്‍ സെക്രട്ടറി കെ.ടി. രമാദേവിയെ ബുധനാഴ്ചതന്നെ കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ധനാപഹരണം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.