സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷം തുടരുമെന്നും അധികാരം പങ്കിടാനുള്ള തീരുമാനമില്ലെന്നും മന്ത്രി എം.ബി. പാട്ടീല്‍
ബെംഗളൂരു: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷം തുടരുമെന്നും അധികാരം പങ്കിടാനുള്ള തീരുമാനമില്ലെന്നും മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം. സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം സിദ്ധരാമയ്യയും ബാക്കി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലായിരുന്നു ഒത്തുതീര്‍പ്പുവ്യവസ്ഥ. ഇതിനെയാണ് സിദ്ധരാമയ്യാപക്ഷത്തിലെ പ്രമുഖനും ലിംഗായത്ത് നേതാവുമായ എം.ബി. പാട്ടീല്‍ തള്ളിയത്.അധികാരക്കൈമാറ്റത്തിന്റെ കാര്യം പാര്‍ട്ടി ഹൈക്കമാന്‍ഡ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേല്‍ക്കുമെന്നുമാത്രമാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും രണ്‍ദീപ് സിങ് സുര്‍ജേവാലയും പറഞ്ഞത്. ഇതിനു ചുവടുപിടിച്ചായിരുന്നു എം.ബി. പാട്ടീലിന്റെ പ്രതികരണം.പാട്ടീലിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. കാര്യങ്ങള്‍ നോക്കാന്‍ എ.ഐ.സി.സി. അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. പാട്ടീലിന്റെ പ്രസ്താവന അപ്രസക്തമാണെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അവര്‍ക്കും രണ്‍ദീപ്സിങ് സുര്‍ജേവാലയ്ക്കും കെ.സി. വേണുഗോപാലിനുംമാത്രമേ അറിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.