കോണ്‍ഗ്രസ് നേതാക്കളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെടുക്കാന്‍ കെ പി സി സി തിരുമാനം
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെടുക്കാന്‍ കെ പി സി സി തിരുമാനം. കുതികാല്‍ വെട്ട്, പാരവെപ്പ്, നിസഹകരണം എന്നിവ മൂലം 2021 ലെ പാര്‍ട്ടിയുടെ സാധ്യതകളെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങി എന്നാരോപിച്ചാണ് സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും നിരവധി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അവരില്‍ സി പിഎമ്മില്‍ ചേര്‍ന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവികളടക്കമുള്ള ആനുകൂല്യങ്ങള്‍ പറ്റിയവരെ ഒഴിച്ച് ബാക്കിയുള്ള നേതാക്കളെ മുഴുവന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് കെ പി സി സി തലത്തില്‍ നീക്കം നടക്കുന്നത്.പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള നേതാക്കളെ പുറത്തു നിര്‍ത്തിയാല്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് പാര്‍ട്ടി വിലയിരുത്തലിനെ തുടര്‍ന്നാണ് പുറത്താക്കിയ പാര്‍ട്ടി നേതാക്കളെ തിരിച്ചെടുക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയത്. ഇതിന്റെ ഭാഗമായി കെ പി സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഡി സി സി കള്‍ക്കയച്ച സര്‍ക്കുലറില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിരിക്കുന്ന പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസില്‍ പരിപാടികളില്‍ ഭാഗഭാക്കാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇവരെ പാര്‍ട്ടിപരിപാടികളില്‍ നിന്നും അരികവല്‍ക്കരിക്കുന്നതെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഇവര്‍ക്കതിരെ പ്രാദേശിക തലത്തില്‍ എടുത്തിരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.ആര്‍ക്കെങ്കിലുമെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള പരാതിയുയര്‍ന്നാല്‍ അവരെ ഉടന്‍ തന്ന പുറത്താക്കണമെന്നില്ലന്നാണ് സര്‍ക്കുലര്‍ പറയുന്നത്.പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ അത്തരത്തില്‍ പരിഹരിക്കണമെന്നും കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയുടെ നിര്‍ദേശ പ്രകാരം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. 2021 ലെ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം ഡി സി സി- കെ പി സി സി തലത്തിലടക്കം നിരവധി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. ചിലരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുമുണ്ട്. എന്നാല്‍ ഇവരില്‍ വലിയ തോതില്‍ ജനകീയ ബന്ധങ്ങളുള്ള നേതാക്കളുമുണ്ട്. അത് കൊണ്ട് തന്നെ അവരെ എന്ത് വില കൊടുത്തും പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയ നിരവധി സീറ്റുകള്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭയം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്തിനുണ്ട്. അത് കൊണ്ട് തന്നെ താഴെ തട്ടില്‍ ജനകീയ ബന്ധമുള്ള നേതാക്കളെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താനുള്ള നടപടികളാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്നത്. താഴെ തട്ടില്‍ പാര്‍ട്ടി ശക്തമല്ലാത്തത് കൊണ്ടാണ് 2021 ലെ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം യു ഡി എഫിനും കോണ്‍ഗ്രസിനും ഏറ്റുവാങ്ങേണ്ടി വന്നതെന്നും കെ പി സി സി വിലയിരുത്തുന്നുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. അത്‌നിലനിര്‍ത്താന്‍ കഴിഞ്ഞില്ലങ്കില്‍ വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കും ഉണ്ടാവുക എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്. അത് കൊണ്ട് തന്നെ പ്രാദേശികതലത്തിലുളള അസ്വസ്ഥതകള്‍ എത്രയും പെട്ടെന്നു പറഞ്ഞ് തീര്‍ത്ത് മാറി നില്‍ക്കുന്ന നേതാക്കളെ തിരിച്ചുകൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.്അതേ സമയം കെ വി തോമസിനെ പോലെയുള്ള നേതാക്കളെ ഇനി തിരിഞ്ഞുനോക്കേണ്ടതില്ലന്നും കെ പി സി സി തിരുമാനിച്ചിട്ടുണ്ട്. സി പി എമ്മില്‍ ചേര്‍ന്ന് വിവിധ സ്ഥാനമാനങ്ങള്‍ നേടിയ നേതാക്കളെയും കോണ്‍ഗ്രസിലേക്ക് തിരിച്ചു വിളിക്കേണ്ടതില്ലന്നാണ് പാര്‍്ട്ടിതിരുമാനം.