സുരേഷ് കുമാറിന്റെ കൈക്കൂലി പട്ടികയില്‍ കുടംപുളിയും തേനും പടക്കവും വരെ

Spread the love

പാലക്കാട്: പാലക്കാട് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ നയിച്ചത് ലളിത ജീവിതം. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതന്‍ ആയതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാള്‍ ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നല്‍കും. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിക്കും. വിജിലന്‍സിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാള്‍ ക്രമക്കേട് നടത്തിയിരുന്നു.പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവ സുരേഷ് കുമാറിന്റെ മുറിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലന്‍സ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മുറി പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാര്‍ പുറത്തിറങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *