പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന് സംസ്ഥാന സർക്കാർ; മുഖ്യാതിഥിയായി എത്തുക ഇന്ത്യയിലെ പലസ്തീൻ അംബാസഡർ
തിരുവനന്തപുരം : സംസ്ഥാന സർക്കാർ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തുന്നു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായാണ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്നത്. ഈ മാസം 29ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസ് മുഖ്യാതിഥിയാകും. മുഖ്യമന്ത്രി പിണറായി വിജയനുമായും അബ്ദുള്ള എം. അബു ഷാവേസ് ചർച്ച നടത്തും.പലസ്തീനെതിരേയുള്ള ഇസ്രയേൽ ആക്രമണത്തിൽ കേന്ദ്രസർക്കാർ മൃദുസമീപനം പുലർത്തുന്നുവെന്ന വിമർശനം ശക്തമാണ്. മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകരെങ്കിലും ഔദ്യോഗിക സഹകരണം ഉറപ്പാക്കി വ്യക്തമായ രാഷ്ട്രീയസന്ദേശം നൽകുകയാണ് സംസ്ഥാന സർക്കാർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഐക്യദാർഢ്യ സദസ്സിലേക്കു ക്ഷണിക്കും.ഇസ്രയേൽ അക്രമണത്തിൽ കൊല്ലപ്പെട്ട 284 മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയും മാധ്യമോത്സവത്തിൽ ഉണ്ടാവുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ പകർത്തിയ ചിത്രങ്ങളും അവർ തയ്യാറാക്കിയ വാർത്തകളും ഉൾപ്പെടുത്തി പ്രദർശനവും ഒരുക്കും.