ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തില്‍ പുഷ്പിച്ച് നില്‍ക്കുന്ന ശിഖരമാണ് കേരളമെന്ന് ഉപരാഷ്ട്രപതി

Spread the love

തിരുവനന്തപുരം: ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തില്‍ പുഷ്പിച്ച് നില്‍ക്കുന്ന ശിഖരമാണ് കേരളമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. രാഷ്ട്രീയ കണ്ണുകള്‍കൊണ്ട് മാത്രം എല്ലാ വിഷയങ്ങളെയും കാണരുത്. രാജ്യത്തിന്റെ താത്പര്യം വരുമ്പോള്‍ രാഷ്ട്രീയത്തിന്റെ കണ്ണടമാറ്റിവെക്കണം. ജനാധിപത്യം മികച്ചതാവണമെങ്കില്‍ പ്രതിപക്ഷത്തേയും കേള്‍ക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ വേദിയിലായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.മലയാളത്തില്‍ നമസ്‌കാരവും ശുഭദിനവും നേര്‍ന്ന് ആരംഭിച്ച പ്രസംഗത്തില്‍ സംസ്ഥാനത്തും പുറത്തും വിദ്യാഭ്യാസ- ആരോഗ്യമേഖലയിലെ മലയാളികളുടെ സാന്നിധ്യത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. വിദ്യാഭ്യാസ രംഗത്തില്‍ കേരളത്തിന്റെ മികവിന് താനും ഗുണഭോക്താവാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂളില്‍ കണ്ണൂര്‍ സ്വദേശിനിയായ രത്ന നായര്‍ അധ്യാപികയായിരുന്നത് ഓര്‍മിച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം. കേരളത്തിലെ ആദ്യ സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരമായിരുന്നുവെന്ന് പ്രസംഗത്തില്‍ ഉപരാഷ്ട്രപതി പറഞ്ഞു.പ്രസംഗത്തില്‍ കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളെ അനുസ്മരിക്കുകയും വിവിധ മേഖലകളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച മലയാളികളെ അഭിനന്ദിക്കുകയും ചെയ്തു. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, ചാവറയച്ഛന്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ, കെ.ആര്‍. നാരായണന്‍, എ.പി.ജെ. അബ്ദുള്‍ കലാം എന്നിവര്‍ക്ക്അഭിവാദ്യം അര്‍പ്പിച്ചു.‘മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോട് ജനങ്ങള്‍ക്ക് എത്ര മതിപ്പുണ്ടെന്ന് ഞാന്‍ മനസിലാക്കി. എം.എ. യൂസുഫലി എത്രത്തോളം പോസിറ്റീവ് വൈബ് ഉണ്ടാക്കുന്നുണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എന്റെ സന്ദര്‍ശനത്തിനിടെ ഞാന്‍ മനസിലാക്കി’, ഉപരാഷ്ട്രപതി പറഞ്ഞു. യേശുദാസ്, പി.ടി. ഉഷ, ഡോ. വര്‍ഗീസ് കുര്യന്‍. ഇ. ശ്രീധരന്‍, ജി. മാധവന്‍ നായര്‍, എം. ഫാത്തിമ ബീവി, മാനുവല്‍ ഫെഡ്രിക്, അഞ്ജു ബോബി ജോര്‍ജ്, കെ.എസ്. ചിത്ര എന്നിവരെ അദ്ദേഹം പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി, നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ മുഖ്യമന്ത്രിക്ക് കൈമാറി പ്രകാശനം ചെയ്തു. നിയമസഭാ മന്ദിരത്തിന്റെ പുനരുദ്ധാരണത്തിന്റെ ശിലാസ്ഥാപനം ഡിജിറ്റലായി ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നിയമസഭാ മന്ദിരത്തിന്റെ പുനരുദ്ധാരണത്തിന്റെ ഹ്രസ്വവീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഉപരാഷ്ട്രപതിക്ക് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉപഹാരം നല്‍കി. സ്പീക്കര്‍ കൈമാറിയ ആറന്മുള കണ്ണാടി പുറത്തെടുത്ത് മുഖ്യമന്ത്രി ഉപരാഷ്ട്രപതിയെ കണ്ണാടിയില്‍ മുഖം കാണിച്ചുകൊടുത്തതും തുടര്‍ന്ന് ഉപരാഷ്ട്രപതി തനിക്ക് ചുറ്റും നിന്ന ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും മുഖം നോക്കാന്‍ കണ്ണാടി നല്‍കിയതും വേദിയിലെ കൗതുക കാഴ്ചയായി.പകുതിയോളം മലയാളത്തിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആശംസാപ്രസംഗവും ശ്രദ്ധേയമായിരുന്നു. വേദിയിലും സദസിലുമുള്ള എല്ലാവര്‍ക്കും വന്ദനം പറഞ്ഞായിരുന്നു പ്രസംഗം തുടങ്ങിയത്. രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഭാരതത്തിന്റെ ബഹുമാന്യ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വന്നത് നമ്മുടെ ഭാഗ്യമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കും സഭയിലുള്ള എല്ലാവര്‍ക്കും വേണ്ടി ഉപരാഷ്ട്രപതിയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ മലയാളത്തില്‍ പ്രസംഗിച്ചപ്പോള്‍, ഉപരാഷ്ട്രപതി സദസ്സിനെ നോക്കി കൈകൂപ്പി. പാതിപിന്നിട്ടപ്പോള്‍ അദ്ദേഹം പ്രസംഗം ഇംഗ്ലീഷിലേക്ക് മാറ്റി. വളരെ നന്ദിയെന്ന് പറഞ്ഞായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *