ജല്ലിക്കെട്ട് നിരോധനം സുപ്രീം കോടതി തീരുമാനം ഇന്ന് പറയും
ചെന്നൈ: പരമ്പരാഗത കായിക വിനോദമായ ‘ജല്ലിക്കട്ടും’ കാളവണ്ടി ഓട്ടവും അനുവദിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര നിയമങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.മൃഗാവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (തമിഴ്‌നാട് ഭേദഗതി) നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (ജല്ലിക്കെട്ട് നടത്തിപ്പ്) ചട്ടങ്ങള്‍ 2017 എന്നിവയുടെ ഭാവി ഇന്നത്തെ വിധി തീരുമാനിച്ചേക്കാം.2014ല്‍ സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജല്ലിക്കെട്ട് നടത്താന്‍ ഈ രണ്ട് നിയമങ്ങളും അനുമതി നല്‍കുന്നു. ആക്ടിവിസ്റ്റുകളുടെയും തമിഴ്നാട് സര്‍ക്കാരിന്റെയും മാരത്തണ്‍ വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പറയാനായി മാറ്റുകയായിരിക്കുന്നു.