പോലീസുകാരനെ കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
ശ്രീകണ്ഠാപുരം : ബൈക്കിൽ പോകുകയായിരുന്ന പോലീസുകാരനെ കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. കാർ ഓടിച്ച ശ്രീകണ്ഠാപുരം കണിയാർവയൽ സ്വദേശി ഞണ്ടൻ പുതിയപുരയിൽ അസ്നാസ് (21),മയക്കുമരുന്ന് കേസിലെ പ്രതിയായ ശ്രീകണ്ഠാപുരം അടുക്കം സ്വദേശി വി.കെ.മുബിൻ (20) എന്നിവരെയാണ് വധശ്രമ കേസിൽ എസ്.ഐ. സി പി പ്രകാശനും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം പുലർച്ചെ 5.15 ഓടെ ശ്രീകണ്ഠാപുരം ടൗണിന് സമീപത്തായിരുന്നു സംഭവം. ബൈക്കിൽ പോകുകയായിരുന്ന സീനിയർ പോലീസ് ഓഫീസർ അനൂപിനെയാണ് ഇടിച്ചിട്ടശേഷം പ്രതികൾ കാറുമായി കടന്നുകളഞ്ഞത്.പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കേസെടുത്ത ശ്രീകണ്ഠാപുരം പോലീസ് പ്രതികളെ തന്ത്രപൂർവ്വം വലയിലാക്കി അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.