ഇന്ത്യാ സഖ്യത്തിനകത്ത് ആശയക്കുഴപ്പത്തിനും ഭിന്നതയ്ക്കും വഴിതുറക്കുന്നു
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിലേക്ക് പ്രതിപക്ഷത്തെ പ്രമുഖ ദേശീയപാര്‍ട്ടികളെ ക്ഷണിച്ചുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കം ഇന്ത്യാ സഖ്യത്തിനകത്ത് ആശയക്കുഴപ്പത്തിനും ഭിന്നതയ്ക്കും വഴിതുറക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയപ്രചാരണത്തിന് അയോധ്യ ആയുധമാക്കാനൊരുങ്ങുന്ന ബി.ജെ.പി. ഇതിലേക്ക് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ പ്രമുഖരെ നേരിട്ടെത്തി ക്ഷണിച്ചത് കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തല്‍പുതിയ നീക്കത്തെ കരുതലോടെയാണ് കോണ്‍ഗ്രസ് കാണുന്നതെങ്കിലും ക്ഷണം തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് എന്നാല്‍, മതത്തെ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി സി.പി.എം. ക്ഷണം നിരസിച്ചത് കേരളത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതായി.ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികളോരോന്നും വ്യത്യസ്ത നിലപാടിലാണ്. സമാജ്വാദി പാര്‍ട്ടിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ആം ആദ്മി പാര്‍ട്ടിയും ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കാനിടയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും സോണിയാ ഗാന്ധിയെയും രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്രമിശ്ര നേരിട്ടെത്തിയാണ് ക്ഷണിച്ചത്. പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ക്ഷണം തള്ളുന്നില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പകരം കോണ്‍ഗ്രസ് പ്രതിനിധികളെ അയക്കാനാണ് സാധ്യത. അല്ലാത്തപക്ഷം ഉത്തര്‍പ്രദേശും മധ്യപ്രദേശും രാജസ്ഥാനുമടങ്ങുന്ന ഹിന്ദി മേഖലയില്‍ ബി.ജെ.പി. വലിയ രാഷ്ട്രീയപ്രചാരണമാക്കാനിടയുണ്ട്. അത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് കാണുന്നു. സമാജ്വാദി പാര്‍ട്ടി ക്ഷണംസ്വീകരിച്ചതും ഈ പശ്ചാത്തലത്തിലാണ്.അതേസമയം, കേരളത്തില്‍, സമസ്ത അടക്കമുള്ള മുസ്‌ലിം മതസംഘടനകള്‍ ബി.ജെ.പി. നീക്കത്തോട് ശക്തിയായി വിയോജിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാണ്. ‘പള്ളി പൊളിച്ചിടത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ കാല്‍വയ്ക്കുമോ കോണ്‍ഗ്രസ്’ എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രം ബുധനാഴ്ച മുഖപ്രസംഗമെഴുതിയതും കോണ്‍ഗ്രസിനെ വെട്ടിലാക്കി. രാഹുല്‍ഗാന്ധി വയനാട്ടില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുമ്പോള്‍ അയോധ്യാക്ഷണത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് കേരളത്തിലെ പാര്‍ട്ടിനേതൃത്വത്തിന് നിര്‍ണായകമാണ്. ബി.ജെ.പി. ക്ഷണം സ്വീകരിച്ച് പങ്കെടുത്താല്‍ അത് സി.പി.എമ്മും കേരളത്തില്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കും. യു.ഡി.എഫിനകത്തുള്ള മുസ്‌ലിംലീഗ് വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.