സാമ്പത്തിക പ്രതിസന്ധിക്ക്‌ പിന്നാലെ കോഴ ആരോപണം: പെരുമ്പഴുതൂർ സഹ.ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി

Spread the love

നെയ്യാറ്റിൻകര : സാമ്പത്തിക പ്രതിസന്ധിക്ക്‌ പിന്നാലെ ജോലിക്ക്‌ കോഴ ആരോപണവും നേരിടുകയാണ് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി. ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് തിരുപുറം, മുള്ളുവിള, അനുഗ്രഹയിൽ അരുണിന്റെ (36) കൈയ്യിൽ നിന്നും 8.8 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തു.നിക്ഷേപത്തുക നൽകാത്തതിനെ തുടർന്ന് രണ്ട് മാസം മുൻപ് കർഷകൻ ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ മാസം ചിട്ടിപിടിച്ച നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഇരുമ്പിൽ സ്വദേശിയും കുടുംബവും സമരവുമായി രംഗത്തെത്തിയിരുന്നു. നിക്ഷേപത്തുക തിരികെ നൽകാനാകാതെയും ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകാനും കഴിയാതെയും പ്രതിസന്ധിയിലായ ബാങ്കിലാണ് ജോലി നൽകാനായി കോഴ വാങ്ങിയെന്ന ആരോപണവും നേരിടുന്നത്.ബാങ്ക് പ്രസിഡന്റ് എസ്.കെ.ജയചന്ദ്രൻ, ഭരണസമിതി അംഗം ചന്ദ്രൻ, ബാങ്കിന്റെ ഓലത്താന്നി ശാഖ മാനേജർ ജയകുമാരി എന്നിവർക്കെതിരേയാണ് അരുണിന്റെ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. 2016-ലാണ് ജോലിക്കായി പണം നൽകിയത്. ജോലിക്കായി ബാങ്കിൽ എട്ട് ലക്ഷം രൂപ സ്ഥിരം നിക്ഷേപം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ലക്ഷം രൂപ നൽകി. എന്നാൽ ഈ പണം സ്ഥിരം നിക്ഷേപം നടത്തിയില്ല. താത്കാലികമായി അരുണിന് ജോലി നൽകിയെങ്കിലും സ്ഥിരപ്പെടുത്താമെന്ന പറഞ്ഞ് അൻപതിനായിരം രൂപ കൂടി വാങ്ങി. സ്ഥിരം ജോലി ലഭിക്കില്ലെന്ന് ഉറപ്പായതോടെ അരുൺ നൽകിയ തുക മടക്കി നൽകാൻ ആവശ്യപ്പെട്ടു.എന്നാൽ ബാങ്ക് അധികൃതർ അരുണിന്റെ പേരിലുണ്ടായിരുന്ന അക്കൗണ്ടിലെ മുപ്പതിനായിരം രൂപ മരവിപ്പിക്കുകയാണ് ചെയ്തതെന്ന് പോലീസിന് നൽകിയ മൊഴിൽ വ്യക്തമാക്കുന്നു.പണം തിരികെ ലഭിക്കാതായതിനെ തുടർന്ന് ബാങ്കിലെത്തി ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. എന്നിട്ടും പണം ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *