ഡോക്ടർ വന്ദനയുടെ കൊലപാതകം : ഡോക്ടർമാരുടെ സമരം ഇന്നും തുടരും

Spread the love

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തിവന്ന പ്രതിഷേധം വ്യാഴാഴ്ചയും തുടരും. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയില്‍ അറിയിച്ചു. ഏഴിന ആവശ്യങ്ങളും കെ.ജി.എം.ഒ.എ സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതു വരെയുള്ള പ്രതിഷേധ നടപടികള്‍ തുടര്‍ന്ന് തീരുമാനിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കെ.ജി.എം.ഒ.എ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്-ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓര്‍ഡിനന്‍സ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക.സിസിടിവി ഉള്‍പ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക.അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുകഅത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കുക.പോലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.കൃത്യവിലോപം നടത്തിയ പോലീസുകാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുക.അത്യാഹിത വിഭാഗത്തില്‍ ഒരു ഷിഫ്റ്റില്‍ രണ്ട് സിഎംഒ മാരെ ഉള്‍പ്പെടുത്താന്‍ സാധിക്കും വിധം കൂടുതല്‍ സിഎംഒമാരെ നിയമിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *