ജമ്മു കാശ്മീരിലെ ബാരമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി : രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ ബാരമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. വാനിഗം പയീൻകീരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കാശ്മീർ പോലീസാണ് പങ്കുവെച്ചത്. അതേസമയം, ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടാൻ തയ്യാറായിട്ടില്ല.ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീകരരുടെ മൃതദേഹങ്ങൾക്കൊപ്പം ആയുധങ്ങളുടെയും വെടികോപ്പുകളുടെയും വൻ ശേഖരമാണ് പോലീസ് കണ്ടെടുത്തത്. സമാനമായ രീതിയിൽ ഇന്ത്യ- പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ ഭീകരരെ ഇതിനോടകം തന്നെ സുരക്ഷാ സേന വധിച്ചിരുന്നു. രാജസ്ഥാനിലെ ബാർമറിന് സമീപമാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവരുടെ കയ്യിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരമാണ് പോലീസ് കണ്ടെടുത്തത്. കൊല്ലപ്പെട്ടവർ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടവരാണെന്നാണ് ലഭ്യമാകുന്ന വിവരം.