മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി കേരളാ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് 95 ലക്ഷം രൂപ

Spread the love

തിരുവനന്തപുരം : മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി കേരളാ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് 95 ലക്ഷം രൂപ. ഈ മാസം 20 നാണ് ടൂറിസം ഡയറക്ടര്‍ പ്രധാനമന്ത്രിയുടെ 24 മുതല്‍ 25 വരെയുള്ള 2 ദിവസത്തെ സന്ദര്‍ശനത്തിന് 95 ലക്ഷം ചെലവാകുമെന്നും തുക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ 30 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കി. ടൂറിസം ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കണമെന്ന് പൊളിറ്റിക്കല്‍ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. വിവിഐ പി സന്ദര്‍ശനത്തിന് ടൂറിസം വകുപ്പിന് 75 ലക്ഷം ബജറ്റില്‍ ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുണ്ട്. എന്നിട്ടും 95 ലക്ഷം വേണമെന്നായിരുന്നു ടൂറിസം ഡയറക്ടറുടെ ആവശ്യം. 30 ലക്ഷം കൊടുത്താല്‍ മതിയെന്ന് ധന മന്ത്രി ബാലഗോപാല്‍ ഉത്തരവിട്ടു. പ്രധാനമന്ത്രി എത്തിയ 24 ന് തന്നെ 30 ലക്ഷം അനുവദിച്ച് ഉത്തരവും ഇറങ്ങി. ചെലവുകള്‍ സംബന്ധിച്ച എല്ലാ രേഖകളും ഗവണ്‍മെന്റിന് സമര്‍പ്പിക്കണമെന്ന് ടൂറിസം ഡയറക്ടറോട് ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിവിഐപികളുടെ സന്ദര്‍ശനത്തിന്റെ മറവില്‍ ഫണ്ട് ദുരുപയോഗം ചെയ്യുണ്ടോയെന്ന് പരിശോധിക്കാനാണ് ചെലവിന്റെ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.ഈ മാസം 24 ന് വൈകീട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊച്ചിയില്‍ റോഡ് ഷോ നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം തുടര്‍ന്ന് കൊച്ചിയില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി. കൊച്ചി വില്ലിങ്ടണ്‍ ഐലനറിലെ താജ് മലബാര്‍ ഹോട്ടലില്‍ താമസിച്ച അദ്ദേഹം 25 ന് രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.തിരുവനന്തപുരത്ത് സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ കേരളാ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. പിന്നീട് തിരുവനന്തപുരത്ത് വെച്ച് തന്നെ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം, വിവിധ റെയില്‍വെ സ്റ്റേഷനുകളുടെ വികസന പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു.പരിപാടിക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയത് വഴിയാണ് വിനോദ സഞ്ചാര വകുപ്പിന് 95 ലക്ഷത്തോളം രൂപ ചെലവായത്. ചെലവായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ധനവകുപ്പിന് നേരത്തേ കത്ത് നല്‍കിയത്. 30 ലക്ഷം രൂപ അനുവദിച്ച സംസ്ഥാന ധനവകുപ്പ് അവശേഷിക്കുന്ന 65 ലക്ഷം രൂപ എപ്പോള്‍ അനുവദിക്കുമെന്നതില്‍ ഇതുവരെ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *