തൃശ്ശൂര്‍ ഇന്ന് പൂരാവേശത്തിൽ
തൃശൂര്‍: തൃശ്ശൂര്‍ പൂരാവേശത്തില്‍. കണിമംഗലം ദേശത്തു നിന്നും ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ ഏഴുമണിയോടെ ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തും. ഇതിനു പിന്നാലെ ഘടക പൂരങ്ങള്‍ ഒന്നൊന്നായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രയാണം തുടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കും. വൈകിട്ടാണ് വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് പൂര ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഇതില്‍ മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന കുടമാറ്റം തന്നെയാണ് ഏറെ ആകര്‍ഷിക്കുന്ന കാഴ്ച. ഇതിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് ഒരുങ്ങുന്നത്. നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനായിരുന്നു.ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, പഞ്ചവാദ്യം എന്നിവയെല്ലാം തൃശൂര്‍ പൂരത്തിന്റെ പ്രധാന ഘടകങ്ങളാണ്. പകല്‍പ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട്, പിന്നീട് ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.