ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പത്ത് പോലീസുകാർക്ക് വീരമൃത്യു
ദന്തേവാഡ : ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പത്ത് പോലീസുകാർക്ക് വീരമൃത്യു. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ദന്തേവാഡ ജില്ലയിലെ അരൻപൂരിലാണ് ഐ ഇ ഡി സ്ഫോടനമുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്ട് റിസർവ് ഗാർഡ് വിഭാഗത്തിൽപെട്ട പോലീസുകാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നക്സലുകൾ റോഡരികിൽ സ്ഥാപിച്ച ഐ ഇ ഡി പൊട്ടി തകരുകയായിരുന്നു. ഈ ആക്രമണത്തിന് ശേഷം പോലീസ് നക്‌സലൈറ്റുകളെ വളഞ്ഞതായാണ് വിവരം. ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിക്കുകയും കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹത്തിന് ഉറപ്പുനൽകുകയും ചെയ്തു. 2021ലെ കണക്കുകൾ പ്രകാരം ഛത്തീസ്ഗഡിലെ എട്ട് ജില്ലകൾ നക്സൽ ബാധിതമാണ്. ബീജാപൂർ, സുക്മ, ബസ്തർ, ദന്തേവാഡ, കാങ്കർ, നാരായൺപൂർ, രാജ്നന്ദ്ഗാവ്, കൊണ്ടഗാവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ, അതായത് 2011 മുതൽ 2020 വരെ ഛത്തീസ്ഗഢിൽ 3,722 നക്‌സലൈറ്റ് ആക്രമണങ്ങൾ നടന്നതായി 2021 ഏപ്രിലിൽ ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. ഈ ആക്രമണങ്ങളിൽ നമുക്ക് 489 സൈനികരെയാണ് നഷ്ടമായത്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് 656 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചപ്പോൾ മറുവശത്ത് 736 സാധാരണക്കാർക്ക് നക്‌സലൈറ്റ് സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. 2016ലാണ് ഏറ്റവും കൂടുതൽ നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചത്. ആ വർഷം 135 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. അതിനു ശേഷം 2018ൽ 125 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.