സുഡാനിൽ നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ കാവേരി വിജയകരം
ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ സുഡാനിൽ നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ കാവേരി വിജയകരം. മലയാളികൾ ഉൾപ്പെടെ 561 പേരെയാണ് ഇന്ത്യൻ നാവികസേനയും, ഇന്ത്യൻ വ്യോമസേനയും ജിദ്ദയിൽ എത്തിച്ചത്. നാവികസേന കപ്പലിൽ 278 പേരും, വ്യോമസേന വിഭാഗങ്ങളിൽ 283 പേരുമാണ് ജിദ്ദയിലെത്തിയത്. ഇവരെ എംബസിക്ക് കീഴിലെ സ്കൂളുകളിൽ താൽക്കാലികമായി താമസിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഓപ്പറേഷൻ കാവേരി നടപ്പിലാക്കുന്നത്. ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിന്റെ മേൽനോട്ട ചുമതല കേന്ദ്രമന്ത്രി വി. മുരളീധരനാണ്. ഏകദേശം 3000-ത്തിലധികം ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെയും നാട്ടിലെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കും. അതേസമയം, ജിദ്ദയിൽ ഉള്ളവരെ ഇന്ന് മുതൽ വിവിധ ചാർട്ടേഡ് സർവീസ് വഴി നാട്ടിലെത്തിക്കാനാണ് നീക്കം. നിലവിൽ, സുഡാനിൽ 72 മണിക്കൂർ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്.