സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കാനുള്ള പൊലീസ് പദ്ധതിക്ക് തടയിട്ട് ധനവകുപ്പ്
തിരുവനന്തപുരം: കെല്‍ട്രോണിന്റെ കീഴില്‍ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കാനുള്ള പൊലീസ് പദ്ധതിക്ക് തടയിട്ട് ധനവകുപ്പ്. നിയമലംഘകരില്‍ നിന്നും പിരിക്കുന്ന പിഴയില്‍ നിന്നും പ്രതിമാസം നിശ്ചിത തുക ഈടാക്കാന്‍ കെല്‍ട്രോണ്‍ തയ്യാറാക്കിയ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നാണ് ധനവകുപ്പ് നിലപാട്. 400 കോടിലധികം മുടക്ക് മുതലുള്ള പദ്ധതിയാണ് കെല്‍ട്രോണ്‍ മുഖേന പൊലീസ് നടപ്പാക്കാന്‍ ഉദ്യേശിക്കുന്നത്.മോട്ടോര്‍ വാഹനവകുപ്പ് എഐ ക്യാമറകള്‍ സ്ഥാപിച്ച മാതൃകയില്‍ 1000 ക്യാമറകള്‍ സ്ഥാപിക്കാനാണ് പൊലീസ് പദ്ധതി. പൊലീസ് പണം മുടക്കില്ല. കമ്പനികള്‍ പണം മുടക്കി ക്യാമറകള്‍ സ്ഥാപിക്കണം. 10 വര്‍ഷത്തിനുള്ളില്‍ പിഴത്തുകയില്‍ നിന്നും മുടക്കുമുതല്‍ കമ്പനിക്ക് തിരികെ നല്‍കുന്നതായിരുന്നു ടെണ്ടര്‍ നിര്‍ദ്ദേശം. ഇതിനായി പൊലീസും കെല്‍ട്രോണുമായി സംയുക്ത ട്രഷറി അക്കൗണ്ട് തുടങ്ങുമെന്നതായിരുന്ന വ്യവസ്ഥ.ക്യാമറ വഴി വരുന്ന പിഴപ്പണത്തില്‍ നിന്നും ഓരോ മാസവും നിശ്ചിത പണം കെല്‍ട്രോണിന് നേരിട്ടെടുക്കാനായി പ്രത്യേക അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കില്ലെന്നും ഇത്തരമൊരു അക്കൗണ്ട് തുടങ്ങാന്‍ നിയമപരായ സാധ്യതയില്ലെന്നുമാണ് ധനവകുപ്പ് നിലപാട്. പണം മുഴുവനായി സര്‍ക്കാരിലേക്ക് അടച്ച ശേഷം ഓരോ മാസവും തിരിച്ചടക്കേണ്ട പണത്തിന്റെ ബില്ലു നല്‍കിയാല്‍ ധാരണപ്രകാരമുള്ള പണം നല്‍കാമെന്ന് ധനവകുപ്പ് പറയുന്നു. പക്ഷെ കെല്‍ട്രോണ്‍ ഇത് അംഗീകരിച്ചിട്ടില്ല.ഏഴ് തവണ ടെണ്ടര്‍ വിളിച്ചിട്ടും നടപ്പാക്കാന്‍ കഴിയാത്ത പദ്ധതിയാണെന്നും കെല്‍ട്രോണ്‍ വ്യവസ്ഥ അംഗീകരിക്കണമെന്നുമാണ് പൊലീസിന്റെയും നിലപാട്. ആയിരം ക്യാമറ സ്ഥാപിച്ച് അത് പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള സാങ്കേതിക സംവിധാനം കെല്‍ട്രോണിന് ഇല്ല. ഈ പദ്ധതിയിലും പുറം കരാര്‍ നല്‍കി സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കെല്‍ട്രോണിനുള്ളതെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.