എംഡിഎംഎയുമായി രണ്ടു കുട്ടികൾ അറസ്റ്റിൽ
പത്തനംതിട്ട: എംഡിഎംഎയുമായി രണ്ടു കുട്ടികൾ അറസ്റ്റിൽ. കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ ആണ് രണ്ട് കുട്ടികൾ പൊലീസ് പിടിയിലായത്.കുളനട പെട്രോൾ പമ്പിനടുത്തു നിന്നാണ് രാസലഹരിയുമായി കുട്ടികളെ പൊലീസ് പിടികൂടിയത്. ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പിടിയിലായത്. പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പൊലീസിന്റെയും സംയുക്ത നീക്കത്തിൽ ആണ് ഇവർ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.പൊലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ സാഹസികമായിട്ടാണ് പിടികൂടിയത്. കഴിഞ്ഞദിവസം ബംഗളൂരുവിൽ നിന്നു എംഡിഎംഎയുമായി എത്തിയ യുവാവിൽ നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശനനിരീക്ഷണം തുടരാൻ ജില്ലാ പൊലീസ് മേധാവി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.