തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നൂതന ബേണ്‍സ് ഐസിയു യാഥാര്‍ത്ഥ്യമായി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നൂതന സംവിധാനങ്ങളോട് കൂടിയ ബേണ്‍സ് ഐസിയു പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഇതേറെ സഹായിക്കും. 8 ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, മള്‍ട്ടിപാര മോണിറ്റര്‍, അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫില്‍ട്ടര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് ബേണ്‍സ് ഐസിയു സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റ മൂന്നാമത്തെ നൂറു ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് ബേണ്‍സ് ഐസിയു ഉദ്ഘാടനം ചെയ്യും.3.46 കോടി രൂപയോളം ചെലഴിച്ചാണ് പഴയ സര്‍ജിക്കല്‍ ഐസിയുവിന്റെ സ്ഥലത്ത് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂതന സംവിധാനങ്ങളോടെയുള്ള ബേണ്‍സ് ഐസിയു സ്ഥാപിച്ചത്. നഴ്‌സസ് സ്റ്റേഷന്‍, നഴ്‌സസ് റൂം, ഡ്യൂട്ടി ഡോക്ടര്‍ റൂം എന്നിവയുമുണ്ട്. ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധ ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 15 ശതമാനം മുതല്‍ പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ഐസിയുവിലൂടെ നല്‍കുന്നത്.ബേണ്‍സ് ഐസിയുവിനോടനുബന്ധിച്ച് കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കും സജ്ജമാക്കി വരുന്നു. സ്‌കിന്‍ ബാങ്കിനാവശ്യമായ ഉപകരണങ്ങള്‍ ഏറെക്കുറെ ലഭ്യമായിട്ടുണ്ട്. ബാക്കിയുള്ളവ കൂടി ലഭ്യമാക്കി പ്രവര്‍ത്തന സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളില്‍ നിന്ന് ശേഖരിച്ചുവയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിച്ചു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *