വർണക്കൂടാരം തുറന്നു; നെടുമങ്ങാട് എൽ പി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ക്ലാസ്മുറിയും കളിയിടവും

Spread the love

നെടുമങ്ങാട് ഗവ.എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ച പ്രീ-പ്രൈമറി ക്ലാസ് മുറികളുടെയും പുറംവാതിൽ കളിയിടത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ യാതൊരു കുറവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന സർക്കാരാണിതെന്നും കോടികളുടെ വികസനമാണ് സ്കൂളുകളിൽ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ മനസികോല്ലാസത്തിന് കൂടി പ്രാധാന്യം നൽകുന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങളുടെ മെച്ചപ്പെടുത്തലും അധ്യാപക ശാക്തീകരണവും ലക്ഷ്യമാക്കുന്ന സ്റ്റാർസ് പദ്ധതി പ്രകാരം പ്രീ പ്രൈമറികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി സമഗ്രശിക്ഷാകേരളം വഴി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രീപ്രൈമറി കെട്ടിടം പണിതത്. കളി വണ്ടി ഉൾപ്പെടെയുള്ള കളിക്കോപ്പുകൾ, മനോഹരമായ ബെഞ്ചും കസേരകളും, പാട്ട് കേൾക്കാൻ മ്യൂസിക് സിസ്റ്റം തുടങ്ങി എല്ലാവിധ സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നെടുമങ്ങാട് ഗവ.എൽ.പി. സ്കൂളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷയായി. മറ്റ് നഗരസഭ പ്രതിനിധികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *