പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ പോലീസ് പിടികൂടും
വീട്ടിലെ മാലിന്യം ഒഴിവാക്കാൻ പൊതുസ്ഥലത്ത് മാലിന്യം കളയുന്നവരാണ് ചില ആളുകൾ. വാഹനങ്ങളിൽ മാലിന്യം നിറച്ചെത്തിയ ശേഷം ആൾ പെരുമാറ്റമില്ലാത്ത സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുകയാണ് ഇത്തരക്കാരുടെ പതിവ്. എന്നാൽ, പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം മന്ത്രി എം.ബി രാജേഷ് നൽകിയിട്ടുണ്ട്.ആലപ്പുഴ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി നിർമ്മിച്ച വാടപ്പൊഴിയുടെയും, അനുബന്ധ തോടുകളുടെയും നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീടുകളിൽ മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകാത്തവരുടെ പട്ടിക തയ്യാറാക്കാനും, അവ കെട്ടിട നികുതിയിൽ നിന്ന് കുടിശ്ശികയായി ഈടാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ വ്യക്തിയുടെ ഉത്തരവാദിത്വം കൂടിയാണ് വീടുകളിലെ മാലിന്യം. അതിനാൽ, അവ ശരിയായ രീതിയിൽ വേർതിരിച്ച് സംസ്കരിക്കേണ്ടത് അനിവാര്യമാണ്.