മോദിയെ താഴെയിറക്കാന്‍ ഭൂരിപക്ഷ-ന്യൂനപക്ഷസമുദായങ്ങളെ ഒപ്പം നിര്‍ത്തണമെന്ന് എകെ ആന്‍റണി

Spread the love

ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമെ വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി. കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണം. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ല. അത് വീണ്ടും മോദിക്ക് അധികാരത്തില്‍ വരാനെ ഉപകരിക്കു. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെ നിര്‍ത്തണം.ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കും. ഭാരതത്തിന്‍റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കപ്പെടും.മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പയറ്റുന്നത്. പൗരന്‍റെ മൗലിക അവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ബിജെപി ഇല്ലായ്മ ചെയ്യുകയാണ്. ഭാഷയുടെയും വര്‍ഗ്ഗത്തിന്‍റെയും വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയുടെ വെെവിധ്യങ്ങളെയും നാനാത്വത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂയെന്നും എകെ ആന്‍റണി പറഞ്ഞു.കണ്ണൂര്‍ ഡിസിസിയില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയും എറണാകുളം ഡിസിസിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.സേവാദള്‍ വാളന്റിയര്‍മാര്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി കോണ്‍ഗ്രസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ജന്മദിന സന്ദേശം നല്‍കിയ ശേഷം കേക്ക് മുറിച്ചു. എ.കെ.ആന്‍റണിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നേതാക്കള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് അദ്ദേഹത്തിന് ആശംസയറിച്ചു.കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെ.മുരളീധരന്‍ എംപി,കെപിസിസി ഭാരവാഹികളായ ടിയു രാധാകൃഷ്ണന്‍,ജിഎസ് ബാബു, വിടി ബല്‍റാം,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,പഴകുളം മധു, ഡിസിസി പ്രസിഡന്‍റ് പാലോട് രവി,അടൂര്‍ പ്രകാശ് എംപി, വര്‍ക്കല കഹാര്‍,വി.എസ്.ശിവകുമാര്‍,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, നെയ്യാറ്റിന്‍കര സനല്‍,രഘുചന്ദ്രബാല്‍,എംഎ വാഹിദ്,വട്ടിയൂര്‍ക്കാവ് രവി,വിതുര ശശി ,കെ.വിദ്യാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *