സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയില്‍; എതിര്‍പ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ കോടതിക്കാവുമോയെന്ന കാര്യത്തില്‍ ആദ്യം തീര്‍പ്പുണ്ടാവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതിനു ശേഷമേ ഹര്‍ജികളില്‍ വിശദ വാദം കേള്‍ക്കലിലേക്കു പോകാവൂവെന്ന്, സ്വവര്‍ഗ വിവാഹ കേസില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നിലപാടെടുത്തു.ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എസ്ആര്‍ ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയത്. ഹര്‍ജിക്കാരുടെ ഭാഗം കൂടി കേട്ട ശേഷമേ കേന്ദ്രത്തിന്റെ തടസ്സവാദത്തില്‍ തീരുമാനമെടുക്കാനാവൂവെന്ന് ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ അറിയിച്ചു. ഹര്‍ജിക്കാരുടെ വാദമാവും കോടതി ആദ്യം കേള്‍ക്കുകയെന്നും ബെഞ്ച് വ്യക്തമാക്കി.വൈകാരികമായ വിഷയമാണ് ഇതെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പ്രാഥമിക തടസ്സവാദങ്ങള്‍ കോടതി ആദ്യം പരിഗണിക്കണം എന്നു പറയുന്നത് അതുകൊണ്ടാണെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. വിശാലമായ വീക്ഷണത്തോടെയാണ് കോടതി വിഷയത്തെ സമീപിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.നിയമ നിര്‍മാണത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണിത്. സംസ്ഥാനങ്ങളുടെ പങ്കാളിത്തമില്ലാതെ ഹര്‍ജികള്‍ക്കു നിലനില്‍പ്പില്ല. ഇതാണ് തന്റെ ആദ്യ തടസ്സവാദമെന്ന് മേത്ത അറിയിച്ചു. പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തേണ്ട വിഷയം കോടതി പരിഗണിക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു.