യുഎസ് വ്യോമസേന എയര്‍ നാഷനല്‍ ഗാര്‍ഡ് അംഗം അറസ്റ്റില്‍

Spread the love

US Air Force Air National Guard member arrested for leaking documents and posting them on the internet

ബോസ്റ്റണ്‍: അതീവരഹസ്യമായ സൈനിക ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലിട്ട സംഭവത്തില്‍ യുഎസ് വ്യോമസേന എയര്‍ നാഷനല്‍ ഗാര്‍ഡ് അംഗം അറസ്റ്റില്‍. വ്യാഴാഴ്ച മാസച്യുസിറ്റ്‌സ് നോര്‍ത്ത് ഡൈടനിലെ വസതിയില്‍നിന്നാണു ജാക് ഡഗ്ലസ് ടെഷേറയെ (21) എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) അറസ്റ്റ് ചെയ്തത്.ചോര്‍ത്തിയ രഹസ്യരേഖകള്‍ കഴിഞ്ഞമാസമാണു സമൂഹമാധ്യമ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതെന്നാണു സൂചന. അധികമാരും അറിയാതിരുന്ന ഇതു കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയായി പ്രസിദ്ധീകരിച്ചതോടെയാണു പുറംലോകമറിഞ്ഞത്. വിഡിയോ ദൃശ്യങ്ങള്‍, നയതന്ത്ര ഫോണ്‍സംഭാഷണങ്ങള്‍ എന്നിവ അടക്കം രേഖകളാണു ചോര്‍ന്നത്. 2010 ല്‍ വിക്കിലീക്‌സ് വെബ്‌സൈറ്റിലെ വെളിപ്പെടുത്തലിനുശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാവീഴ്ചയാണിതെന്നാണു വിലയിരുത്തല്‍. യുക്രെയ്ന്‍ സൈനികവിവരങ്ങള്‍ മുതല്‍ സഖ്യകക്ഷികളായ ഇസ്രയേല്‍, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നിവരില്‍നിന്നു യുഎസ് ചോര്‍ത്തിയ നിര്‍ണായക വിവരങ്ങളും രേഖകളില്‍ ഉള്‍പ്പെടുന്നു.മാസച്യുസിറ്റ്‌സ് നാഷനല്‍ ഗാര്‍ഡിലെ ഇന്റലിജന്‍സ് വിങ്ങില്‍ ഐടി സ്‌പെഷലിസ്റ്റ് ആയാണു ടെഷേറ ജോലിചെയ്തിരുന്നത്. യുഎസ് വ്യോമസേനയുടെ റിസര്‍വ് വിഭാഗമാണു നാഷനല്‍ ഗാര്‍ഡ്. ഇവര്‍ മുഴുവന്‍സമയ സൈനികരല്ല. ആവശ്യഘട്ടത്തില്‍ മാത്രം നിയോഗിക്കും. എയര്‍മാന്‍ ഫസ്റ്റ് ക്ലാസ് ആണു ടേഷേറയുടെ റാങ്ക്താരതമ്യേന ജൂനിയര്‍ തസ്തികയാണിത്.ടെഷേറയെ വീട്ടില്‍നിന്ന് സായുധ എഫ്ബിഐ സംഘം അറസ്റ്റ് ചെയ്തു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിരോധവിവരങ്ങള്‍ ചോര്‍ത്തി പരസ്യപ്പെടുത്തിയെന്ന കേസിലാണു നിലവില്‍ അറസ്റ്റ്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. വിക്കിലീക്‌സ് കേസില്‍, രേഖകള്‍ ചോര്‍ത്തിയ യുഎസ് ആര്‍മിയിലെ ചെല്‍സി മാനിങ് 35 വര്‍ഷം തടവിനാണു ശിക്ഷിക്കപ്പെട്ടത്. പിന്നീട് ശിക്ഷ ഒബാമ ഭരണകൂടം ഇളവു ചെയ്തിരുന്നു. ഈ കേസില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടനില്‍നിന്ന് ഇതുവരെ വിചാരണയ്ക്കു വിട്ടുകിട്ടിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *