ഷാറൂഖ് സെയ്ഫി സുരക്ഷിതമായി കേരളം വിട്ടതിനുപിന്നില്‍ മറ്റു സഹായങ്ങളുണ്ടായോയെന്ന് സംശയം
തിരുവനന്തപുരം: തീവണ്ടിയില്‍ തീവെപ്പ് നടത്തിയശേഷം ഷാറൂഖ് സെയ്ഫി സുരക്ഷിതമായി കേരളം വിട്ടതിനുപിന്നില്‍ മറ്റു സഹായങ്ങളുണ്ടായോയെന്ന് സംശയം. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയശേഷമുള്ള വിശദമായ ചോദ്യംചെയ്യല്‍ ഇത് കേന്ദ്രീകരിച്ചാകും. പ്രതി നല്‍കുന്ന മൊഴികളില്‍ ദുരൂഹതയുള്ളതായും പോലീസ് സംശയിക്കുന്നു.സംഘടിതമായൊരു പ്രവര്‍ത്തനമാണ് നടന്നതെന്ന് വ്യക്തമായാല്‍ യു.എ.പി.എ. ചുമത്തുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.കേരളത്തില്‍ ഇതിനുമുമ്പ് എത്തിയിട്ടില്ലാത്ത പ്രതി കേരളംതന്നെ അക്രമത്തിന് തിരഞ്ഞെടുക്കാന്‍ കാരണമെന്ത് എന്നതും ദുരൂഹമാണ്. ഷാരൂഖ് സെയ്ഫിക്ക് ഫോണ്‍ മുഖേനയോ സാമൂഹികമാധ്യമങ്ങള്‍വഴിയോ കേരളത്തില്‍നിന്നുള്ള ആരെങ്കിലുമായി ബന്ധമുണ്ടോയെന്നത് പരിശോധിക്കുന്നുണ്ട്. കേരളത്തിനുപുറത്ത് ഇയാള്‍ക്ക് മറ്റെന്തെങ്കിലും തലത്തിലുള്ള ബന്ധങ്ങളുണ്ടോയെന്നത് പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായവും തേടുന്നുണ്ട്.തീവണ്ടിയില്‍ ആക്രമണമുണ്ടായശേഷം പ്രതി അതേ തീവണ്ടിയില്‍ത്തന്നെ യാത്രചെയ്‌തെന്നത് പോലീസിന്റെ ജാഗ്രതക്കുറവായാണ് വിലയിരുത്തല്‍.