ഒന്നരമാസമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ‘തലവേദന’യുണ്ടാക്കിയ ‘അജ്ഞാതന്‍’ പോലീസ് പിടിയിലായി

Spread the love

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഒന്നരമാസമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ‘തലവേദന’യുണ്ടാക്കിയ ‘അജ്ഞാതന്‍’ ഒടുവില്‍ പോലീസ് പിടിയിലായി. കറന്‍സി നോട്ടുകളില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പുകളെഴുതി വീടുകള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കുന്നയാളെയാണ് പോലീസ് പിടികൂടിയത്. 58-കാരനായ കര്‍ഷകനാണ് പ്രതിയെന്നും ഇയാളെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.രാജ്കോട്ടിലെ ജസ്ദാനില്‍ ഒന്നരമാസമായി ഇത്തരത്തിലുള്ള ശല്യം രൂക്ഷമാണെന്നായിരുന്നു നാട്ടുകാരുടെ പരാതി. പത്തുരൂപയുടെയും ഇരുപതുരൂപയുടെയും നോട്ടുകളിലാണ് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കുറിപ്പുകളുണ്ടായിരുന്നത്. പ്രദേശത്തെ വീടുകള്‍ക്ക് മുന്നിലാണ് ഈ കറന്‍സി നോട്ടുകള്‍ അജ്ഞാതന്‍ ഉപേക്ഷിച്ചിരുന്നത്. ഓരോ നോട്ടിലും ആ വീട്ടിലെ സ്ത്രീയെക്കുറിച്ചുള്ള മോശം പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീക്ക് സമീപവാസിയായ മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും കറന്‍സി നോട്ടുകളില്‍ എഴുതിയിരുന്നു. ഇതുകാരണം പല കുടുംബങ്ങളിലും ദമ്പതിമാര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായെന്നും ജസ്ദാന്‍ പോലീസ് പറഞ്ഞു.വിവാഹിതരായ സ്ത്രീകള്‍ക്കെതിരെയാണ് പ്രതി അപവാദം പ്രചരിപ്പിച്ചിരുന്നതെന്ന് പ്രദേശവാസിയായ യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് അതേസ്ഥലത്തുള്ള മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നാണ് നോട്ടുകളില്‍ എഴുതിയിരുന്നത്. കറന്‍സി നോട്ടുകള്‍ കണ്ടാല്‍ ഏവരും ശ്രദ്ധിക്കുമെന്നതിനാലാകും അയാള്‍ ഈ രീതി തിരഞ്ഞെടുത്തത്. എന്നാല്‍ ഇത്തരം അപവാദപ്രചാരണം കാരണം പലകുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടായെന്നും പരാതിയിലുണ്ടായിരുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇത്തരത്തിലുള്ള ശല്യമുണ്ടായിരുന്നെങ്കിലും ഒന്നരമാസത്തിനിടെയാണ് ഇത് രൂക്ഷമായത്. ഇതോടെ സ്ത്രീകള്‍ പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയും ഇദ്ദേഹം പോലീസിന് ഈ വിവരം കൈമാറുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.പ്രതിയായ 58-കാരന്‍ പ്രദേശവാസി തന്നെയാണെന്നും പ്രദേശത്തെ മിക്കവരുടെ പേരുകളും ഇയാള്‍ക്കറിയാമെന്നും പോലീസ് പറഞ്ഞു. അതേസമയം, ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെ കാരണമെന്താണെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് മനോരോഗവിദഗ്ധന്റെ ചികിത്സ ഉറപ്പുവരുത്താനും കൗണ്‍സിലിങ് നല്‍കാനും പോലീസ് കുടുംബത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *