ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ദ്രുതഗതിയിലായെന്ന റിപ്പോര്‍ട്ട് ഐ.എസ്.ആര്‍.ഒ പിന്‍വലിച്ചു

Spread the love

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ദ്രുതഗതിയിലായെന്ന റിപ്പോര്‍ട്ട് ഐ.എസ്.ആര്‍.ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.  ആശങ്കാജനകമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു.2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഠിലെ ഭൂമി 9 സെന്റീമീറ്റര്‍ ഇടിഞ്ഞുതാണിരുന്നു. ഡിസംബര്‍ 27 മുതല്‍ 12 ദിവസം കൊണ്ട് ഒറ്റയടിക്ക് 5.4 സെന്റി മീറ്ററിന്റെ ഇടിവുണ്ടായെന്നും ഐ.എസ്.ആര്‍.ഒ കണ്ടെത്തി. ഈ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിച്ചത്.ജോഷിമഠില്‍ ഭൗമപ്രതിഭാസത്തെ തുടര്‍ന്നുണ്ടായ ആശങ്ക അനുനിമിഷം വര്‍ദ്ധിക്കുകയാണ്. രാത്രിയിലും മഴയും മഞ്ഞു വീഴ്ചയും ഉണ്ടായതിന്റെ ഭീതിയിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം മഴക്ക് പിന്നാലെ കെട്ടിടങ്ങളില്‍ പുതിയ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. ആശങ്കയെ തുടര്‍ന്ന് കെടുപാടുകള്‍ സംഭവിക്കാത്ത വീടുകളില്‍ നിന്നു പോലും ആളുകള്‍ ഒഴിഞ്ഞ് പോകുകയാണ്.പ്രശ്‌ന ബാധിതരായ കുടുംബങ്ങള്‍ക്ക് അടുത്ത ആറു മാസത്തേക്ക്,വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകള്‍ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചിരുന്നു. പ്രശ്‌ന ബാധിതര്‍ക്കുള്ള ഇടക്കാല നഷ്ട പരിഹാരവും, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാന്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *