വിവാഹസമ്മാനമായ ഹോംതിയറ്റര്‍ മ്യൂസിക് സിസ്റ്റത്തിലെ ബോംബ് പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു
റായ്പുര്‍: വധുവിന് മുന്‍കാമുകന്‍ നല്‍കിയ വിവാഹസമ്മാനമായ ഹോംതിയറ്റര്‍ മ്യൂസിക് സിസ്റ്റത്തിലെ ബോംബ് പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ ചമാരി ഗ്രാമത്തില്‍ നിന്നുള്ള ഹേമേന്ദ്ര മെരാവി (30), സഹോദരന്‍ രാജ്കുമാര്‍ (32) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ തൊട്ടടുത്തുള്ള മധ്യപ്രദേശിലെ ബാലഘാട്ട് ജില്ലയിലെ ഛാപ്ല സ്വദേശി സര്‍ജു മാര്‍ക്കത്തിനെ (33) അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.ഛത്തീസ്ഗഡിലെ അന്‍ജന ഗ്രാമത്തില്‍ നിന്നുള്ള 29 വയസ്സുകാരിയെയാണ് ഹേമേന്ദ്ര മാര്‍ച്ച് 31ന് വിവാഹം കഴിച്ചത്. ഇവര്‍ വിവാഹത്തിനു മുന്‍പ് സര്‍ജുവുമായി പ്രണയത്തിലായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം കാമുകി താനുമായുള്ള ബന്ധം അവസാനിപ്പിച്ചതും സംസാരിക്കാന്‍ കൂട്ടാക്കാത്തതും സര്‍ജുവിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് കാമുകിയെയും വരനെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ജു വിവാഹിതനാണ്.ഏപ്രില്‍ ഒന്നിന് ഹേമേന്ദ്രയുടെ വീട്ടില്‍ നടത്തിയ വിവാഹസല്‍ക്കാരത്തിനെത്തിയ സര്‍ജു സമ്മാനം അവിടെവച്ച ശേഷം കടന്നു. തിങ്കളാഴ്ച വീടിനുള്ളില്‍ വച്ച് ഹോംതിയറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹേമേന്ദ്രയും സഹോദരനും ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഹേമന്ദ്ര സംഭവസ്ഥലത്തും രാജ്കുമാര്‍ പിന്നീട് ആശുപത്രിയിലും മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു.മുറിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വെടിമരുന്നിന്റെ അംശം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. വധുവിനെ ചോദ്യം ചെയ്തതോടെ സര്‍ജുവുമായുള്ള ബന്ധം വെളിവായി.ഹോംതിയറ്റര്‍ വിറ്റ കടയുടെ ഉടമസ്ഥന്‍ സര്‍ജുവിനെ തിരിച്ചറിയുകയും ചെയ്തു. ബാലാഘട്ടില്‍ മെക്കാനിക്കായ സര്‍ജു നേരത്തെ ഇന്‍ഡോറിനു സമീപം പാറമടയില്‍ ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് ഇയാള്‍ സ്‌ഫോടകവസ്തു തയാറാക്കാന്‍ പഠിച്ചത്.