ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി
ഇന്ത്യ- ഭൂട്ടാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച സംഘടിപ്പിച്ചു. സാമ്പത്തിക സഹകരണം ഉൾപ്പെടെയുളള വിവിധ മേഖലകളിലെ ബന്ധം ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചാണ് ഇരു രാജ്യങ്ങളും പ്രധാനമായും ചർച്ച ചെയ്തത്. കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും വാങ്ചുക് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണം അനുസരിച്ചാണ് ഭൂട്ടാൻ രാജാവ് ഇന്ത്യയിൽ എത്തിയത്.കഴിഞ്ഞ ഏതാനും കുറച്ച് വർഷങ്ങളായി ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുൻനിര വ്യാപാര രാജ്യങ്ങളിൽ പ്രധാനിയാണ് ഭൂട്ടാൻ. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനുള്ള അവസരമായാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെ കാണുന്നതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഭൂട്ടാൻ രാജാവ് ഇന്ത്യയിൽ എത്തിയത്