വേനൽ കടുത്തതോടെ വീടുകളിലും പരിസരങ്ങളിലും ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നു
തിരുവനന്തപുരം: വേനൽ കടുത്തതോടെ വീടുകൾക്കുള്ളിലും കിണറ്റിലും പാഴ്വസ്തുക്കൾ കൂട്ടിയിടുന്നിട ങ്ങളിലും പാമ്പുകൾ അഭയംതേടുന്നത് വർധിക്കുന്നു. ഇതോടെ ജനങ്ങളും ഇപ്പോൾ ഭീതിയിലാണ്. തിങ്കളാഴ്ച രാവിലെ വെള്ളനാട് ഭാഗത്ത് നിന്ന് രണ്ട് മൂർഖൻ പാമ്പുകളെയാണ് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ശാസ്ത്രീയമായി പിടികൂടി കാട്ടിൽവിട്ടത്.കഴിഞ്ഞദിവസങ്ങളിൽ ആര്യനാട്, കോട്ടക്കകം, ഉഴമലക്കൽ, നെടുമങ്ങാട്, പാലോട് എന്നിവങ്ങളിൽ നിന്ന് പെരുമ്പാനെയും മൂർഖനെയും രാജവെമ്പാലയെയും വനംവകുപ്പ് ജീവനക്കാർ എത്തി പിടികൂടിയിരുന്നു.പാലോട് റെയിഞ്ചിന് കീഴിൽ മാടൻ കരിക്കകം നാല് സെന്‍റ് കോളനിയിൽ രതീഷിന്‍റെ പുരയിടത്തിൽ നിന്നാണ് പാലോട് ആർ.ആർ.ടി അംഗങ്ങൾ രാജവെമ്പലയെ പിടികൂടിയത്.ഇന്നലെ വെള്ളനാട്, പുനലാൽ, വെഞ്ഞാറക്കുഴി, ശശിയുടെ വീടിനുളള്ളിൽ നിന്നാണ് ആദ്യമൂർഖനെ പിടികൂടിയത്. തൊട്ടടുത്ത് പുനലാൽ, ചരുവിള വീട്ടിൽ, ജോയിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് മറ്റൊരു മൂർഖനെ സാഹസികമായി പിടികൂടിയത്. പരുത്തിപ്പള്ളി, റേഞ്ച് ഓഫീസിലെ ബിറ്റ് ഫോറസ്റ്റ് ഓഫീസറും വനംവകുപ്പിന്‍റെ ആർ.ആർ.ടി അംഗവും സ്നേക്ക് ക്യാച്ചറുമായ റോഷ്നിയാണ് രണ്ട് പാമ്പുകളെയും വലയിലാക്കിയത്.കിണറ്റിൽ കണ്ട മൂർഖനെ വലിയ പ്ലാസ്റ്റിക് കൂട കെട്ടിയിറക്കി, മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ കരക്കെത്തിച്ചാണ് പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെരുമ്പാമ്പ് ഉൾപ്പെടെ ഏഴ് പാമ്പുകളെയാണ് റോഷ്നി പിടികൂടിയത്. ഈ പാമ്പുകളെയെല്ലാം ഉൾവനത്തിൽ കൊണ്ടുവിട്ടു. വേനൽകാലങ്ങളിൽ പാമ്പുകൾ മാളങ്ങളിൽ നിന്നറങ്ങി തണുത്ത പ്രതലങ്ങൾ തേടി എത്തുന്നത് പതിവാണെന്നും അതിനാൽ രാത്രികാലങ്ങളിൽ ജനലുകളും മറ്റും തുറന്നിട്ട് ഉറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.