യുപിയെ ഭരണകാലത്ത് മോദിയെ കുടുക്കാന്‍ സിബിഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ‘പെടുത്താന്‍’ സിബിഐ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നിട്ടുപോലും അനാവശ്യമായ ബഹളങ്ങള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ ബിജെപി രംഗത്തിറങ്ങിയിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വീഴ്ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന്റെ പേരില്‍ ജനപ്രതിനിധി സ്ഥാനം നഷ്ടമാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാഹുല്‍ ഗാന്ധിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ ഇത്രമാത്രം ബഹളം വയ്ക്കാനും പ്രതിഷേധിക്കാനും യാതൊന്നുമില്ല. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും തെരുവിലിറക്കുന്നതിനു പകരം, കീഴ്‌ക്കോടതി വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്. അതിനു പകരം ലോക്‌സഭാംഗത്വം നഷ്ടമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഴിചാരാനാണ് രാഹുലിന് വ്യഗ്രതയെന്നും അമിത് ഷാ വിമര്‍ശിച്ചു.”കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കിക്കിട്ടാന്‍ അദ്ദേഹം ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ല. എന്തൊരു ധാര്‍ഷ്ഠ്യമാണെന്നു നോക്കണം. അദ്ദേഹത്തിന് വേണ്ടത് അനുകൂലമായ നടപടികളാണ്. ഒരേ സമയം എംപിയായി തുടരുകയും വേണം, എന്നാല്‍ കോടതിയെ സമീപിക്കാന്‍ തയാറുമല്ല. ഇത്തരത്തില്‍ അംഗത്വം നഷ്ടപ്പെടുന്ന ആദ്യത്തെയാളല്ല രാഹുല്‍ ഗാന്ധി. ഇതിലും വലിയ സ്ഥാനങ്ങളിലിരുന്ന, കൂടുതല്‍ പരിചയസമ്പത്തുള്ള നേതാക്കള്‍ക്ക് അംഗത്വം നഷ്ടമായിട്ടുണ്ട്. അതും ഇതേ കാരണത്താല്‍.” അമിത് ഷാ ചൂണ്ടിക്കാട്ടി.ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുള്‍പ്പെടെ 17 രാഷ്ട്രീയ നേതാക്കള്‍ നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമായിരിക്കെ അയോഗ്യരാക്കപ്പെട്ടതായി അമിത് ഷാ ചൂണ്ടിക്കാട്ടി. ഇവരെല്ലാം രാഹുല്‍ ഗാന്ധിയേക്കാള്‍ പരിചയ സമ്പന്നരായിരുന്നു. അയോഗ്യതാ വിഷയത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സഹായിക്കുമായിരുന്ന ഓര്‍ഡിനന്‍സ് സ്വന്തം സര്‍ക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞത് രാഹുല്‍ തന്നെയാണെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു. കോടതി ശിക്ഷിക്കുന്നവര്‍ക്ക് നിയമസഭയിലോ പാര്‍ലമെന്റിലോ അംഗത്വം നഷ്ടമാകുന്നത് രാജ്യത്തിന്റെ നിയമമാണെന്നും അമിത് ഷാ വിശദീകരിച്ചു.‘കോണ്‍ഗ്രസില്‍ അംഗങ്ങളായ എത്രയോ പ്രമുഖ അഭിഭാഷകരുണ്ട്. അവരില്‍ പലരും രാജ്യസഭാ എംപിമാരുമാണ്. ഈ അയോഗ്യതാ വിഷയത്തിലെ നിയമപരമായ പ്രശ്‌നങ്ങള്‍ അവര്‍ രാഹുല്‍ ഗാന്ധിക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം.’ അമിത് ഷാ ആവശ്യപ്പെട്ടു.ലോക്‌സഭാംഗത്വം നഷ്ടമായതിനു പിന്നാലെ തിരക്കിട്ട് രാഹുല്‍ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടെന്ന ആരോപണം അമിത് ഷാ തള്ളിക്കളഞ്ഞു. അത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.