മോദിക്കെതിരെ സമരം ചെയ്യുന്നവരുടെ തല തല്ലിപ്പൊളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരം? കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ള ഇരട്ട അജണ്ട

Spread the love

കൊച്ചി : രാഹുല്‍ ഗാന്ധിയെ വേട്ടയാടാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ കോണ്‍ഗ്രസിനൊപ്പം യു.ഡി.എഫും സമരമുഖം തുറക്കുകയാണ്. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും ഈ പോരാട്ടത്തില്‍ അണിചേരും. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ പിന്നില്‍ അണിനിരക്കാന്‍ കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും തയാറാകും.കേരളത്തിലെ മുഖ്യമന്ത്രിയും സി.പി.എമ്മും രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കി പ്രസ്താവനകള്‍ പുറപ്പെടുവിക്കുമ്പോള്‍ തന്നെ പ്രതിഷേധിച്ച കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടുകയാണ്. ഇന്നലെ രാജ്ഭവന് മുന്നിലും കോഴിക്കോടും നടന്നത് ക്രൂരമായ നരനായാട്ടാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തുമ്പോള്‍ പോലും ഇല്ലാത്ത തരത്തിലുള്ള ക്രൂരമായ ലാത്തിച്ചാര്‍ജാണ് ഇന്നലെയുണ്ടായത്. പ്രതിഷേധക്കാരുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച എറണാകുളത്തും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ തല പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിഷേധക്കാരുടെ തല അടിച്ച് പൊളിക്കുന്നത്. ഇന്നലെ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല അടിച്ച് പൊളിച്ചതും പൊലീസ് ക്യാമ്പില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചതും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. ഒരു വശത്ത് രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുകയും മറുവശത്ത് പ്രതിഷേധം നടത്തുന്നവരുടെ തല അടിച്ച് പൊട്ടിക്കുകയും ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. ഇരട്ട അജണ്ടയുമായാണ് സംസ്ഥാന സര്‍ക്കാര്‍ നില്‍ക്കുന്നത്. തലയ്ക്ക് മീതെ ഡെമോക്ലീസിന്റെ വാള് പോലെ നില്‍ക്കുന്ന കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ബി.ജെ.പി നേതൃത്വവുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. അതിന് വേണ്ടിയാണ് പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് പ്രതിഷേധക്കാരെ പൊലീസ് ആക്രമിക്കുന്നത്.മോദിക്കെതിരെ സമരം ചെയ്യുന്നവരുടെ തല തല്ലിപ്പൊളിക്കാന്‍ എന്ത് അധികാരമാണ് മുഖ്യമന്ത്രിക്കുള്ളത്? പ്രതിഷേധക്കാരുടെ തല അടിച്ച് പൊളിക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്? ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ? മുഖ്യമന്ത്രിക്കും മക്കളില്ലേ? കണ്ണില്‍ച്ചോരയില്ലാത്ത രീതിയിലാണ് പൊലീസ് മര്‍ദ്ദിക്കുന്നത്. പ്രതിഷേധിക്കാന്‍ പാടില്ലെന്നാണോ? ഒരു എഫ്.ബി പോസ്റ്റിട്ടാല്‍ മുഖ്യമന്ത്രിക്ക് എല്ലാം തീര്‍ന്നു. കേരളത്തിലെ സി.പി.എം പിന്തുണ സോഷ്യല്‍ മീഡിയയില്‍ മാത്രമേയുള്ളൂ. ദേശീയതലത്തില്‍ അങ്ങനെയാണെന്ന അഭിപ്രായമില്ല. ദേശീയതലത്തിലെ സി.പി.എം, സി.പി.ഐ നിലാപടുകളെ വേറിട്ടാണ് ഞങ്ങള്‍ കാണുന്നത്. കേരളത്തില്‍ എത്തുമ്പോഴാണ് അവര്‍ ഓന്തിനെ പോലെ നിറം മാറുന്നത്.ഉമ തോമസിന്റെ തല വെട്ടി സ്വപ്‌ന സുരേഷിന്റെ തലയാക്കിയവരാണ് സി.പി.എം സൈബര്‍ സംഘങ്ങള്‍. രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചുള്ള പോസ്റ്റില്‍ കറുത്ത ശക്തികള്‍ക്കെതിരെ പ്രതിഷേധിക്കക്കണമെന്ന് പറഞ്ഞപ്പോള്‍ കറുത്ത ശക്തി സിതാറാം യെച്ചൂരിയാണെന്നാണോ സി.പി.എമ്മുകാര്‍ കരുതിയത്? ഇന്നലെ ഞാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതികരിച്ചത് മാധ്യമങ്ങളുടെ കയ്യിലുണ്ടല്ലോ. സംഘപരിവാര്‍ ശക്തികളാണ് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതെന്നും അദാനി നരേന്ദ്ര മോദിയുടെ കൂട്ടുകാരനാണെന്നും പറഞ്ഞത് നിങ്ങളുടെ സൈബര്‍ വെട്ടുക്കിളി സംഘങ്ങള്‍ അറിഞ്ഞില്ലേ? നിയമസഭയിലെ ക്ഷീണം മാറ്റാന്‍ വേണ്ടിയാണ് സൈബര്‍ വെട്ടുകിളി സംഘങ്ങള്‍ പ്രതിപക്ഷ നേതാവിനെ വേട്ടയാടുന്നത്. ദേശീയ തലത്തിലുള്ള കാമ്പയിന്റെ ഭാഗമായാണ് ‘സത്യമേവ ജയതേ’ എന്ന പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. എന്നിട്ടും ബി.ജെ.പിക്കെതിരെ പറഞ്ഞില്ലെന്നാണ് പറയുന്നത്. നരേന്ദ്ര മോദിയുടെ കൂട്ടുകാരനായ അദാനിയെ വിമര്‍ശിച്ചതിനാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ സ്‌റ്റേ പിന്‍വലിച്ചതും വിചാരണ വേഗത്തിലാക്കിയതും അയോഗ്യനാക്കിയതുമൊക്കെ. ഇന്നലെ ഞാന്‍ പറഞ്ഞതൊന്നും കൈരളിയില്‍ കാണിച്ചിട്ടില്ല. മറ്റ് മാധ്യമങ്ങളൊക്കെ അത് കാണിച്ചിട്ടുണ്ട്. നികുതിക്കൊള്ളയ്‌ക്കെതിരായ സമരം യു.ഡി.എഫ് തുടരുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറിയുള്ള കാമ്പയിന്‍ നടക്കുകയാണ്. ഏപ്രില്‍ ഒന്നിന് കരിദിനമായി ആചരിക്കും.

Leave a Reply

Your email address will not be published. Required fields are marked *