ഊരുസജ്ജം ക്യാമ്പ്: പെരിങ്ങമലയില്‍ 820 പേര്‍ക്ക് ഡിജിറ്റല്‍ രേഖകളായി

Spread the love

ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട മുഴുവന്‍ പേര്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പെരിങ്ങമല ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ഊര് സജ്ജം ക്യാമ്പിലൂടെ 820 പേര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കി.

ആധാര്‍ സംബന്ധമായി 336, ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡില്‍ 200, ജനന/ മരണ സര്‍ട്ടിഫിക്കറ്റില്‍ 31, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനായി 237, റേഷന്‍ കാര്‍ഡിനായി 248, ബാങ്ക് അക്കൗണ്ടുകള്‍ക്കായി 14, ഡിജിലോക്കറുമായി ബന്ധപ്പെട്ട് 419, ഫോട്ടോ എടുത്തുനല്‍കലുമായി ബന്ധപ്പെട്ട് 106 എന്നിങ്ങനെയാണ് രണ്ട് ദിവസങ്ങളിലായി ക്യാമ്പിലൂടെ ലഭ്യമാക്കിയ സേവനങ്ങള്‍. ആകെ 1605 സേവനങ്ങളാണ് ലഭ്യമാക്കിയത്.

പെരിങ്ങമല ഷാ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, അസിസ്റ്റന്റ് കളക്ടര്‍ റിയാ സെന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. ഐടിഡിപി, ആരോഗ്യ വകുപ്പ്, സിവില്‍ സപ്ലൈസ്, നെടുമങ്ങാട് താലൂക്ക്, കെഎഎസ്പി, തെരഞ്ഞെടുപ്പ് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, നെഹ്‌റു യുവകേന്ദ്ര വളന്റിയര്‍മാര്‍ എന്നിവര്‍ ക്യാമ്പിന്റെ ഭാഗമായി.

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും നിത്യ ജീവിതത്തിലെ അവിഭാജ്യ രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ലഭ്യമാക്കുകയും, ഒപ്പം ഇവ ഡിജി ലോക്കറില്‍ സുരക്ഷിതമാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആരംഭിച്ച പദ്ധതിയാണ് ‘അക്ഷയ ബിഗ് ക്യാമ്പൈന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍’ അഥവാ എ.ബി.സി.ഡി.

Leave a Reply

Your email address will not be published. Required fields are marked *