നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

Spread the love

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് മാറ്റി വച്ച വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ല. സര്‍ക്കാര്‍ തീരുമാനം വരാത്തതോടെ പരിശീലനത്തിനായി ലക്ഷങ്ങള്‍ മുടക്കിയ ക്ലബ്ബുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആഗസ്റ്റ് പത്തിന് നടക്കേണ്ട നെഹ്റു ട്രോഫി വള്ളംകളിയാണ് വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാറ്റി വച്ചത്.എന്നാല്‍, വള്ളംകളി നടത്തുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്നാണ് എന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ല. മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓരോ ക്ലബും മത്സരത്തിനൊരുങ്ങുന്നത്. 120 ഓളം ആളുകള്‍ പങ്കെടുക്കുന്ന പരിശീലന ക്യാമ്പുകള്‍, തുഴച്ചില്‍ കാര്‍ക്കുള്ള പ്രത്യേക പരിശീലനം ഭക്ഷണം അങ്ങനെ 80 ലക്ഷത്തോളം രൂപ ഓരോ ക്ലബ്ബുകള്‍ക്കും ചിലവ് വരുന്നുണ്ട്.വള്ളം കളി മാറ്റിവച്ചതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ക്ലബ്ബുകള്‍. ഇനി വീണ്ടും മത്സരത്തിന് ഇറങ്ങണമെങ്കിലും എല്ലാം ഒന്നുമുതല്‍ തുടങ്ങണം. ഇതിനും വലിയ ചിലവ് വഹിക്കണം. വള്ളംകളി എന്നു നടത്തും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതാണ് ക്ലബ്ബുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.കേരള ബോട്ട് ക്ലബ് അസോസിയേഷന്‍ ഉള്‍പ്പടെ ഉള്ള സംഘടനകള്‍ ഓഗസ്റ്റില്‍ തന്നെ വള്ളം കളി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടമൊ സര്‍ക്കാരോ വള്ളം കളിയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ക്ലബ്ബുകളുമായി നടത്തിയിട്ടില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *