സിനിമയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ കുടുംബത്തിന് 25 ലക്ഷം രൂപ നൽകും

Spread the love

പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിൽ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ അല്ലു അർജുൻ സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. സംഭവം ഹൃദയഭേദകമാണെന്നും അല്ലു അർജുൻ പ്രതികരിച്ചു. സംഭവമുണ്ടായി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണവുമായി താരം രംഗത്തുവന്നത്.

ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നടൻ ഉറപ്പ് നൽകി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ ചികിൽസാ ചെലവുകൾ വഹിക്കാമെന്ന് അല്ലു അർജുൻ പറഞ്ഞു. ഡിസംബർ 4 ന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തെക്കുറിച്ച് തന്റെ എക്സ് ഹാന്ഡിലിലൂടെയാണ് അല്ലു അർജുൻ പ്രതികരണമറിയിച്ചത്.

“സന്ധ്യ തിയേറ്ററിലെ ദാരുണമായ സംഭവം ഹൃദയഭേദകമാണ്. ഈ വിഷമ സമയത്ത് ദുഃഖിതരായ കുടുംബത്തിന് ഞാൻ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ ഒറ്റയ്ക്കല്ലെന്നും, കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും അവർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ ആവശ്യങ്ങൾ മാനിച്ചുകൊണ്ട് ഈ വെല്ലുവിളി നിറഞ്ഞ യാത്രയിലൂടെ സഞ്ചരിക്കാൻ അവരെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ തയ്യാറാണ്,” അല്ലു അർജുൻ കുറിച്ചു.

സംഭവത്തിൽ സിനിമാ ടീം ഒന്നടങ്കം ഞെട്ടിപ്പോയെന്നും താരം തെലുങ്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കാൻ 25 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ തിയേറ്ററുകളിൽ പോയി ആസ്വദിക്കുന്ന തരത്തിലാണ് സിനിമ നിർമ്മിക്കുന്നതെന്ന് പറഞ്ഞ നടൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

നടൻ അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ സംഘത്തിനും സന്ധ്യ തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ഹൈദരാബാദ് പൊലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ സോൺ) അക്ഷാൻഷ് യാദവ് പറഞ്ഞു.

ചിക്കാടപ്പള്ളി പൊലീസ് സ്‌റ്റേഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ), 118(1) (സ്വമേധയാ മുറിവേൽപ്പിക്കുക) r/w 3(5) BNS എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. തിയേറ്റർ സന്ദർശിക്കുമെന്ന് തിയേറ്റർ മാനേജ്‌മെൻ്റിൽ നിന്നോ അഭിനേതാക്കളുടെ സംഘത്തിൽ നിന്നോ യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. തിയേറ്റർ മാനേജ്‌മെൻ്റും തിരക്ക് നിയന്ത്രിക്കുന്നതിന് സുരക്ഷ സംബന്ധിച്ച് അധിക വ്യവസ്ഥകളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *