അരിക്കൊമ്പനെ പിടികൂടുന്നത് മാര്‍ച്ച് 29 വരെ തടഞ്ഞ ഹൈക്കോടതി സ്റ്റേയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍
ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടുന്നത് മാര്‍ച്ച് 29 വരെ തടഞ്ഞ ഹൈക്കോടതി സ്റ്റേയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍. ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടാല്‍ പോരെന്നും, മയക്കുവെടിവച്ച് തന്നെ മാറ്റണമെന്നുമാണ് 301 കോളനിവാസികളുടെ ആവശ്യം.ഇന്നലെ രാത്രി എട്ടുമണിയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടിവച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്.ഉത്തരവിന് പിന്നലെ കടുത്ത പ്രതിഷേധം ഉയരാന്‍ തുടങ്ങി. മനുഷ്യത്വരഹിതമായ നടപടിയാണ് ഇതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്റ്റേ നിരാശാജനകമെന്ന് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി പ്രതികരിച്ചു. പ്രതിഷേധം ശക്തമാക്കുമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു. വിഷയത്തില്‍ കോടതി അനുകൂല തീരുമാനമെടുക്കണമെന്നും, കുങ്കിയാനകളെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.