ചേലക്കരയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്: കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരം
തൃശൂരിൽ ചേലക്കരയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തൃശൂര്‍ ചേലക്കര ഉദുവടിയിൽ ഇന്ന് രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. മഴയെതുടര്‍ന്ന് റോഡിൽ ബസ് തെന്നി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാലെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു.

