റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും

Spread the love

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. ഡിസംബർ നാല് മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ഇന്ത്യയിലെത്തുക. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലും പുടിൻ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ എന്താണെന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാൽ സന്ദർശന വേളയിൽ ആയുധ കരാറുകൾ ഉണ്ടാവില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.വാർഷിക ഉച്ചകോടിയിൽ കരാറുകളിൽ ഒപ്പിടാറില്ലെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ സുഖോയ് 57, എസ് 400 എന്നിവയിൽ ചർച്ച നടക്കുമെന്നാണ് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് എണ്ണ കമ്പനികളാണ്. അതിനാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുണ്ടാവാൻ സാധ്യതയില്ല. അതേസമയം റഷ്യയിൽ നിന്ന് കൂടുതൽ രാസവളം ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ചർച്ച നടന്നേക്കും.കൂടംകുളത്തെ എല്ലാ റിയാക്ടറുകളും പൂർത്തിയാക്കുന്നതിലും ചർച്ച നടക്കും. റഷ്യൻ സേനയിൽ റിക്രൂട്ട് ചെയ്ത എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചയക്കാം എന്ന് റഷ്യ ഉറപ്പുനൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇക്കാര്യത്തിലും ചർച്ചകൾ നടന്നേക്കും. ഭീകരതയെ ചെറുക്കുന്നതിന് ഇന്ത്യയുമായി അടുത്ത് പ്രവർത്തിക്കാൻ റഷ്യ തയ്യാറാണെന്നും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മോസ്കോ തുടരുമെന്നുമാണ് റഷ്യയുടെ നിലപാട്.റഷ്യ-യുക്രൈയിൻ യുദ്ധവും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചചെയ്യും. സംഘർഷം അവസാനിപ്പിച്ച് സമാധാനം തിരികെകൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുക്രൈയിൻ അധിനിവേശത്തിന്റെ പേരിൽ ഉപരോധം നേരിടുന്ന റഷ്യയിൽ നിന്ന് എണ്ണവാങ്ങരുതെന്ന യുഎസ് ഭീഷണിയും അമിത തീരുവയും ചർച്ചയിലെ പ്രധാന വിഷയങ്ങളാകും.

Leave a Reply

Your email address will not be published. Required fields are marked *