രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര കയ്യേറ്റശ്രമം
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര കയ്യേറ്റശ്രമം. പാലക്കാട് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തുവച്ച് രമേശ് ചെന്നിത്തലയുടെ പ്രതികരണമാരാഞ്ഞപ്പോഴാണ് സംഭവം. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നിത്തല പ്രതികരണം പൂര്‍ത്തിയാക്കാതെ മടങ്ങി. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യപ്രവര്‍ത്തകരെ കൂക്കിവിളിക്കുകയും ചെയ്തു.രമേശ് ചെന്നിത്തല പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ ബഹളം വച്ചത്. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ രാഹുല്‍ വിഷയം മാത്രം ചോദിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഒരുകൂട്ടം പ്രവര്‍ത്തകര്‍ ക്ഷുഭിതരായത്. സ്വര്‍ണക്കൊള്ളയെ കുറിച്ച് ചോദിക്കൂ എന്ന് പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചെന്നിത്തല സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഇതോടെ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. ഒടുവില്‍ പ്രാദേശിക നേതാക്കള്‍ തന്നെ ക്ഷുഭിതരായ പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.

