ആരോഗ്യകരമായ വാർധക്യം സാധ്യമാണ്; പക്ഷേ, ഭക്ഷണവും ശ്രദ്ധിക്കണം
വാർധക്യം ഒരു സാധാരണപ്രക്രിയയാണ്. പ്രായമാകുമ്പോൾ ശരീരത്തിനും മനസ്സിനും മാറ്റങ്ങൾ വരുന്നതും സാധാരണമാണ്. എന്നാൽ, അതിനർഥം വാർധക്യത്തിൽ ആരോഗ്യം പൂർണമായി നഷ്ടപ്പെടും എന്നല്ല. നല്ല ജീവിതശീലങ്ങളും കൃത്യമായ പരിചരണവും ലഭ്യമാക്കിയാൽ ആരോഗ്യകരമായ വാർധക്യം സാധ്യമാണ്. കഴിക്കുന്ന ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രായമായവരെ സംബന്ധിച്ചിടത്തോളം പോഷകസമ്പുഷ്ടമായ ചില ഭക്ഷ്യവിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളെ ചെറുക്കാനും സഹായിക്കും.*നട്സുകളും വിത്തുകളും*ബദാം, വാൽനട്ട്, അണ്ടിപ്പരിപ്പ്, ചണവിത്ത്, ചിയാവിത്ത്, സൂര്യകാന്തിവിത്ത് തുടങ്ങിയവ പോഷക ഖനികളാണ്. ഇവയിലടങ്ങിയ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാനും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിത്യേന ഒരു പിടി അണ്ടിപ്പരിപ്പ് കഴിക്കുന്നത് ആഹാരത്തിൽ അവശ്യ പോഷകങ്ങൾ ചേർക്കാനുള്ള ഒരു എളുപ്പവഴിയാണ്.*തൈര്*പ്രോട്ടീനും കാൽസ്യവും കൊണ്ട് സമ്പുഷ്ടമായ തൈര് പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നു. അതിലടങ്ങിയ പ്രോബയോട്ടിക്സ് ദഹനവും കുടലിന്റെ ആരോഗ്യവും (ഗട്ട് ഹെൽത്ത്) മെച്ചപ്പെടുത്തുന്നു. ഇത് വീക്കം, മലബന്ധം തുടങ്ങിയ കുടൽസംബന്ധിയായ ബുദ്ധിമുട്ടുകളെ പരിഹരിക്കാൻ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ തൈര് ചേർക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.*ബെറികൾ*ബ്ലൂബെറി, സ്‌ട്രോബെറി, നെല്ലിക്ക തുടങ്ങിയവ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവയിലടങ്ങിയ വിറ്റാമിൻ സി ഓർമ്മശക്തി നിലനിർത്തുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു പ്രത്യേകിച്ചും നെല്ലിക്ക.*ധാന്യങ്ങളും മില്ലറ്റുകളും*ഗോതമ്പ്, ബ്രൗൺ റൈസ്, ഓട്‌സ്, റാഗി തുടങ്ങിയ ധാന്യങ്ങൾ നാരുകളാൽ സമ്പന്നവും കാർബോഹൈഡ്രേറ്റുകൾ അടങ്ങിയതുമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ അളവിൽ നിലനിർത്താനും മലബന്ധം ലഘൂകരിക്കാനും ഇവ സഹായിക്കുന്നു. റിഫൈൻ ചെയ്ത ധാന്യങ്ങൾക്കു പകരം തവിടുകളയാത്ത ധാന്യങ്ങളും മില്ലറ്റുകളും കഴിക്കുന്നത് മെച്ചപ്പെട്ട ദഹനത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കും.*ഇലക്കറികൾ*ചീര, കാബേജ്, മുരിങ്ങ തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ സി, കെ, ഫോളിക് ആസിഡ്, കാൽസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കാഴ്ച മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. മുരിങ്ങ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെ നല്ലതാണ് .*മത്സ്യം*അയല, മത്തി തുടങ്ങി ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ, ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ആഴ്ചയിൽ 2-3 തവണയെങ്കിലും ആഹാരത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കും.*മഞ്ഞൾ*ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട മഞ്ഞളിലെ കുർക്കുമിൻ വീക്കം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചൂടുപാലിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്.*ഉലുവ*ഉലുവ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഉലുവ കുതിർത്തോ, പൊടിച്ചോ ഉപയോഗിക്കുക.*ജീരകം, മല്ലി, പെരുംജീരകം, കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി*ജീരകം, മല്ലി, പെരുംജീരകം, കറുവപ്പട്ട, ഇഞ്ചി എന്നിവ ദഹനത്തെ ത്വരപ്പെടുത്തുന്നു. അതേസമയം വെളുത്തുള്ളി ഹൃദയാരോഗ്യത്തെ സഹായിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.*വാഴപ്പഴം*പൊട്ടാസ്യം ധാരാളമടങ്ങിയ വാഴപ്പഴം ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനും മലബന്ധം നിയന്ത്രിക്കാനും സഹായിക്കും. ഭാരം വർധിപ്പിക്കാൻ ഏത്തപ്പഴം കഴിക്കുന്നത് ഉചിതമാണ്. പൊതുവേ പുളികുറഞ്ഞ ഞാലിപ്പൂവൻ പഴം അൾസർ മുതലായ പ്രശ്നങ്ങൾ ഉള്ളവർക്കും കഴിക്കാം. പ്രമേഹം ഉള്ളവർക്ക് റോബസ്റ്റ പഴമാണ് അഭികാമ്യം.പ്രമേഹം, രക്താതിമർദം തുടങ്ങിയ അവസ്ഥകൾ തടയുന്നതിന് പഞ്ചസാര, ഉപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. പച്ചക്കറികൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ആരോഗ്യസ്ഥിതികൾ, മരുന്നുകൾ, ജീവിതശൈലി എന്നിവ ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് ഓർക്കുക. ആഹാരക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനുമുൻപ്, പ്രത്യേകിച്ചും നിങ്ങൾക്ക് എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ ആദ്യം ഡോക്ടറുമായി ബന്ധപ്പെടുക

