മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്‌ഫോടനം നടന്ന കളമശ്ശേരിയിലെത്തും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്‌ഫോടനം നടന്ന കളമശ്ശേരിയിലെത്തും. സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 10 ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് യോഗം. വിദ്വേഷമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതും, സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതിലെ ജാഗ്രതയും ചര്‍ച്ചയാകും. തുടര്‍ന്ന് സര്‍വകക്ഷി വാര്‍ത്താസമ്മേളനവും നടത്തും.കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി ലിബിന കൂടി മരിച്ചതോടെയാണ് മരണം മൂന്നായത്. കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.അതേസമയം നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്. 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. . പ്ലാസ്റ്റിക് സര്‍ജന്‍മാരുള്‍പ്പടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള ഡോക്ടര്‍മാരുള്‍പ്പെട്ട സംഘമാണ് വിദഗ്ധ ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.സാധ്യമായ തരത്തില്‍ എല്ലാ ചികിത്സകളും അപകടത്തിലായവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.