കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് പള്ളി കമാനം ഇടിച്ചുതകർത്തു
പത്തനംതിട്ട കോന്നി കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസിലെ ഏഴോളം യാത്രക്കാര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമായെന്ന് വിവരമുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കാറും കെഎസ്ആര്‍ടിസി ബസും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ് കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് പള്ളിയുടെ കമാനത്തിലും മതിലിലും ഇടിച്ചുകയറി. ഉടന്‍ തന്നെ നാട്ടുകാരെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. കെഎസ്ആര്‍ടിസി ബസിന്റെയും കാറിന്റേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുന്‍സീറ്റിലിരുന്ന സ്ത്രീയ്ക്കും ഗുരുതരമായി പരിക്കേറ്റു.പത്തനംതിട്ടയില്‍ നിന്ന് കോന്നിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. എതിര്‍ദിശയില്‍ നിന്നാണ് കാര്‍ എത്തിയത്. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.