ചാക്കയില്‍ വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം

Spread the love

തിരുവനന്തപുരം: ചാക്കയില്‍ വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. ചാക്കയില്‍ താമസിക്കുന്ന അധ്യാപികയായ സ്ത്രീയാണ് 80 വയസ്സിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്. അധ്യാപിക അമ്മയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി. അധ്യാപികയുടെ മകള്‍ തന്നെയാണ് മുത്തശ്ശിയെ ഉപദ്രവിക്കുന്നവിവരം പോലീസിനെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.ചാക്കയില്‍ അധ്യാപികയായ മകളോടൊപ്പം താമസിക്കുന്ന വയോധിക വര്‍ഷങ്ങളായി ഇവരുടെ ഉപദ്രവം നേരിടുകയാണെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും സ്ട്രോക്ക് വന്നിട്ടും അതിനുള്ള ചികിത്സയോ മരുന്നോ നല്‍കാറില്ലെന്നും പെണ്‍കുട്ടി പറയുന്നു.വിദേശത്തായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ സെപ്റ്റംബറിലാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഈ സമയത്തും അമ്മ മുത്തശ്ശിയെ ഉപദ്രവിക്കുന്നതിന് പെണ്‍കുട്ടി സാക്ഷിയായി. മുത്തശ്ശിയെ ഉപദ്രവിക്കരുതെന്ന് വിലക്കിയിട്ടും അധ്യാപിക ഇത് വകവെച്ചില്ല. മുത്തശ്ശിക്കായി വാദിച്ച മകളോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി അമ്മയ്ക്കെതിരേ പേട്ട പോലീസില്‍ പരാതി നല്‍കി. എന്നാല്‍, മകള്‍ക്ക് മാനസികപ്രശ്നമുണ്ടെന്നും മകള്‍ പറയുന്നത് കാര്യമാക്കേണ്ടെന്നും പറഞ്ഞ് അധ്യാപിക പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ പോലീസും പിന്നീട് അന്വേഷണം നടത്തിയില്ലെന്നും പെണ്‍കുട്ടി പറയുന്നു.അധ്യാപികയായ അമ്മയുടെ ഉപദ്രവം കാരണം പെണ്‍കുട്ടിയും നിലവില്‍ മറ്റൊരിടത്താണ് താമസം. ബന്ധുക്കളാരും ഈ വീട്ടിലേക്ക് വരാറില്ല. കഴിഞ്ഞദിവസമാണ് അമ്മ മുത്തശ്ശിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പെണ്‍കുട്ടി വീണ്ടും പോലീസിന് പരാതി നല്‍കിയത്. മുത്തശ്ശിയെ കുളിമുറിയില്‍ ഇരുത്തി അമ്മ അവര്‍ക്ക് നേരേ വെള്ളം ഒഴിക്കുന്നതിന്റെയും തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പെണ്‍കുട്ടി പുറത്തുവിട്ടിരിക്കുന്നത്.മുത്തശ്ശിയെ എത്രയുംവഗം ഈ വീട്ടില്‍നിന്ന് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പരാതിക്കാരിയായ ചെറുമകളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *