കാറിനുള്ളിൽ രണ്ട് ദിവസം..! ആലുവയിൽ 45കാരിയെ മരിച്ച നിലയിൽ കണ്ടെത്തി, ഫ്ലാറ്റിലെ താമസക്കാർക്കും അറിയാത്ത ജീവിതം

Spread the love

ആലുവ ചൂർണിക്കരയിലെ ഫ്ലാറ്റ് വളപ്പിൽ ഏറെ നാളായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിൽ 45കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ മൂന്ന് മാസമായി ഒറ്റയ്ക്കായിരുന്നു അനില താമസിച്ചിരുന്നത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.ഫ്ലാറ്റ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാർ റോഡ് ടാക്സ് കാലാവധി കഴിഞ്ഞതിനാൽ ഏറെ നാളായി ഉപയോഗിക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ വാഹനത്തിലേക്ക് ആരുടെയും ശ്രദ്ധ കാര്യമായി പോയിരുന്നില്ല. ഫ്ലാറ്റിൽ താമസിക്കുന്ന സനൽ എന്നയാളുടേതാണ് കാർ. കാറിന്റെ പിൻസീറ്റിലാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കാൻസർ ചികിത്സയിലായിരുന്ന അനില ഇടയ്ക്കിടെ വളർത്തുനായയുമായി നടക്കാൻ പുറത്തിറങ്ങാറുണ്ടായിരുന്നു. എന്നാൽ ഫ്ലാറ്റിലെ മറ്റു താമസക്കാർക്ക് ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളുണ്ടായിരുന്നില്ല. ഏറെ നാൾ തിരുവനന്തപുരത്ത് ഐ.ടി. മേഖലയിൽ ജോലി ചെയ്തിരുന്നതായി ചിലരോട് അനില പറഞ്ഞിരുന്നതായും വിവരമുണ്ട്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്.മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയാണോ മറ്റ് സാഹചര്യങ്ങളാണോ എന്നത് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കാറിന്റെ പിൻസീറ്റിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അനിലയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *