വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ പിടിയിൽ
തിരുവനന്തപുരം: വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ. പാർവതി മായ തിരുവനന്തപുരം വിമാനത്താവളത്തിൽ പോലീസ് പിടിയിലായി. കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് നടപടി. വിദേശത്തുനിന്നെത്തിയ പ്രതിയെ വിമാനത്താവളത്തിൽവെച്ച് കസ്റ്റഡിയിലെടുത്ത ശേഷം പാലാരിവട്ടം പോലീസിന് കൈമാറുകയായിരുന്നു.പാലാരിവട്ടം സ്റ്റേഷനിൽ പാർവതി മായയ്‌ക്കെതിരേ നിലവിൽ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023-ൽ അർമേനിയയിൽ പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽനിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ് കഴിഞ്ഞ ജനുവരിയിലാണ് രജിസ്റ്റർ ചെയ്തത്. പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് അടക്കം ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് ഓഗസ്റ്റ് മാസത്തിൽ രണ്ടാമത്തെ കേസും എടുത്തു. ഈ രണ്ട് കേസുകളിലുമായി പത്ത് മുതൽ പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം.കേസുകളിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ പോലീസ് നിരവധി തവണ നിർദേശം നൽകിയിരുന്നെങ്കിലും വിദേശത്തായിരുന്ന പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പ്രതിയെ പിടികൂടിയത്. പാർവതി മായയെക്കൂടാതെ ഷാജി ഉൾപ്പെടെയുള്ള മറ്റ് ചിലർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇവർക്കായുള്ള അന്വേഷണവും തുടർനടപടികളും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.


