ചെങ്കൽ ചൂളകൾ പൂർണമായും കളമൊഴിയുന്നു

Spread the love

തിരുവനന്തപുരം : അതിരാവിലെ സൂര്യനുദിക്കും മുമ്പേ മണ്ണിലിറങ്ങി പണിയെടുത്തിരുന്ന ആയിരങ്ങളുടെ ചോരയും നീരു വീണ നെയ്യാറ്റിൻകരയിലെ പ്രശസ്തമായ ഇഷ്ടിക കളങ്ങൾ പൂർണമായും കളമൊഴിയുന്നു. ഒരുകാലത്ത് നെയ്യാറ്റിൻകര താലൂക്കിന്റെ കിഴക്കൻ മേഖലയുടെ പ്രൗഢിയും നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളുടെ അത്താണിറുപ്പുമായിരുന്ന പരമ്പരാഗത ഇഷ്ടിക നിർമാണ മേഖല ഇന്ന് തകർച്ചയുടെ ആഴങ്ങളിലാണ്.​കോവിഡിന് മുമ്പുതന്നെ പ്രതിസന്ധിയിലായ ഈ പരമ്പരാഗത തൊഴിൽ മേഖലയിൽ ഇന്ന് ചൂളകളിൽ നിന്ന് പുകയുയരുന്നില്ല; മണ്ണ് വേകുന്ന മണവും ഇല്ലാതായി. അദ്ധ്വാനത്തിന്റെ അടയാളമായി ഉയർന്നുനിന്നിരുന്ന ചൂളകളെല്ലാം ഇന്ന് ഓർമ മാത്രമാണ്.

അടുപ്പുകളിലെ തീ അണഞ്ഞു

തൊഴിലാളികൾ തെരുവിൽ​നെയ്യാറിന്റെ തീരങ്ങളായ ചെമ്പരത്തിവിള, പിരായുംമൂട്, ഓലത്താന്നി, പഴയകട, തിരുപുറം, കാലുംമുഖം എന്നിവിടങ്ങളിൽ ഒരുകാലത്ത് നൂറുകണക്കിന് ചൂളകളാണ് തലയുയർത്തി നിന്നത്. വൻതോതിൽ സ്ത്രീ തൊഴിലാളികൾ ഉപജീവനം കണ്ടെത്തിയിരുന്ന പ്രദേശം കൂടിയാണിത്. കല്ലുകൾ ഓരോന്നായി തലയിലെ പലകയിൽ അടുക്കിവെച്ച് കൊണ്ടുപോകുന്ന കഠിനാധ്വാനികളായ സ്ത്രീകളുടെ കൈക്കരുത്താണ് ഈ വ്യവസായത്തിന്റെ നട്ടെല്ലായിരുന്നത്.​ചൂളകളിലെ പണി മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. ജീവനോപാധി നഷ്ടപ്പെട്ടതോടെ പലരും മറ്റു മേഖലകളിലേക്ക് ചേക്കേറി. എന്നാൽ, പ്രായമായവരും മറ്റു പണികൾ അറിയാത്തവരുമായ ഭൂരിഭാഗം പേരും ഇന്ന് പൂർണമായും തൊഴിൽരഹിതരായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.

അതുല്യമായ കരവിരുതും തനിമയും

മണ്ണ് പാകപ്പെടുത്തുന്നത് മുതൽ കല്ലുണ്ടാക്കി, ഉണക്കി, ചൂളയിൽ വെന്തുപാകമാക്കിയെടുക്കുന്നത് വരെ വലിയ പ്രാവീണ്യമുള്ള തൊഴിലാളികളായിരുന്നു ഇവിടുത്തുകാർ. പൂഴിമണൽ ചേർക്കാതെ നിർമിക്കുന്ന മൂന്ന് ഇഞ്ച് കനവും നാലര ഇഞ്ച് വീതിയും ഒൻപത് ഇഞ്ച് നീളവുമുള്ള ഇവിടുത്തെ ഇഷ്ടികകൾക്ക് വിപണിയിൽ വൻ ഡിമാൻഡായിരുന്നു. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് നിറത്തിന് വേണ്ടി പൂഴിമണൽ ചേർത്തുണ്ടാക്കുന്ന നിലവാരമില്ലാത്ത കല്ലുകളേക്കാൾ ഉറപ്പും വലുപ്പവും ഇവിടുത്തെ കല്ലുകൾക്കുണ്ടായിരുന്നു.​ഒരു ചൂളയിൽ ഒരു തവണ അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ കല്ലുകൾ വേവിച്ചെടുത്തിരുന്നു. 15 മുതൽ 20 വരെ തൊഴിലാളികൾക്ക് നേരിട്ടും ഒട്ടേറെ പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ ഒരു ചൂളയ്ക്ക് കഴിഞ്ഞിരുന്നു.

പ്രതിസന്ധിക്ക് കാരണം കോൺട്രാക്ട് വ്യവസ്ഥയും ഹോളോബ്രിക്സും

നിർമാണ മേഖലയിൽ കോൺട്രാക്ട് വ്യവസ്ഥകൾ ശക്തമായതോടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിനേക്കാൾ വിലക്കുറവിന് പ്രാധാന്യം വന്നതാണ് മേഖലയ്ക്ക് തിരിച്ചടിയായത്. മണ്ണിന്റെ കടുത്ത ലഭ്യതക്കുറവും ഹോളോബ്രിക്സ്, കോൺക്രീറ്റ് കല്ലുകളുടെ കടന്നുകയറ്റവും ചൂളകളുടെ നാശത്തിന് വേഗം കൂട്ടി.​ഇഷ്ടിക കൊണ്ടുതന്നെ വീട് നിർമിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇന്നും നിരവധിയുണ്ട്. അതിനാൽ വിപണിയിൽ ആവശ്യക്കാർ പൂർണമായും ഇല്ലാതായിട്ടില്ല. തകർന്നുതരിപ്പണമായ ഈ പരമ്പരാഗത തൊഴിൽ മേഖലയെയും തൊഴിലാളി കുടുംബങ്ങളെയും സംരക്ഷിക്കാൻ സർക്കാർതലത്തിൽ അടിയന്തര സഹായങ്ങളും പാക്കേജുകളും അനുവദിക്കണമെന്നാണ് തൊഴിലാളികളുടെയും ചൂള നടത്തിപ്പുകാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *