പുതുവര്‍ഷ ദിനത്തില്‍ ഭാരിച്ച പാര്‍ട്ടി ദൗത്യവുമായി സി പി എമ്മിന്റെ ഗൃഹസന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: പുതുവര്‍ഷ ദിനത്തില്‍ ഭാരിച്ച പാര്‍ട്ടി ദൗത്യവുമായി സി പി എമ്മിന്റെ ഗൃഹസന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിന്റെ ഭാഗമായി വീടുകളിലേക്ക് എത്തും. വരുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് സന്ദര്‍ശനം.ഇന്ന് മുതല്‍ 21 വരെ നടത്തുന്ന ഗൃഹസന്ദര്‍ശ പരിപാടി ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി പി എം നേതാക്കളുടെ ഗൃഹസന്ദര്‍ശനം. ഇതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ‘ജനദ്രോഹ നടപടി’കളെ കുറിച്ചും വിശദീകരിക്കും.സന്ദര്‍ശനത്തില്‍ ലഘുലേഖകള്‍ വീട്ടുകാര്‍ക്ക് കൈമാറിയാവും മടക്കം. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം സര്‍ക്കാരിനെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങളും നേതാക്കള്‍ കേള്‍ക്കും.